ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ അവസാന ടി-20ഐ മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെയാണ് ഇന്ത്യ കളി പിടിച്ചെടുത്തത്.
ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റില്‍ 137 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ശേഷം മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുകയും ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയുമായിരുന്നു.
അവസാന രണ്ട് ഓവര്‍ പന്തെറിഞ്ഞ റിങ്കു സിങ്ങും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ശ്രീലങ്കയുടെ കയ്യിലുണ്ടായിരുന്ന മത്സരം തട്ടിപ്പറിച്ച് സൂപ്പര്‍ ഓവറിലെത്തിച്ചത്.
ഇന്നിങ്‌സിലെ അവസാന 12 പന്തില്‍ ശ്രീലങ്കക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് വെറും ഒമ്പത് റണ്‍സായിരുന്നു. ആറ് വിക്കറ്റും കയ്യിലുണ്ട്. എന്നാല്‍ ശ്രീലങ്ക സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത തീരുമാനമായിരുന്നു ഇന്ത്യന്‍ നായകനും പരിശീലകനും കൈക്കൊണ്ടത്. മത്സരത്തില്‍ ഇതുവരെ പന്തെറിയാതിരുന്ന രണ്ട് താരങ്ങളെ ഡെത്ത് ഓവറിലേക്ക് ഇന്ത്യ തെരഞ്ഞെടുത്തു.
19ാം ഓവര്‍ പന്തെറിയാനെത്തിയത് റിങ്കു സിങ്ങായിരുന്നു. മൂന്ന് റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് രണ്ട് വിക്കറ്റ്, അതിലൊന്ന് അപകടകാരിയായ കുശാല്‍ പെരേരയുടേതും.
19ാം ഓവറിലെ രണ്ടാം പന്തില്‍ പെരേരെയെ വീഴ്ത്തിയ റിങ്കു അവസാന പന്തില്‍ രമേഷ് മെന്‍ഡിസിനെയും മടക്കി.
അവസാന ഓവറില്‍ ശ്രീലങ്കക്ക് വിജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ ആറ് റണ്‍സ്. നാല് വിക്കറ്റും കൈവശമുണ്ട്. ഓരോ പന്തില്‍ ഓരോ റണ്‍സ് വീതം നേടിയാലും എളുപ്പം ജയിക്കാവുന്ന അവസ്ഥ. എന്നാല്‍ 20ാം ഓവര്‍ എറിയാനെത്തിയ ബൗളര്‍ ലങ്കയുടെ തലവിധി മാറ്റിമറിച്ചു. നായകന്‍ സൂര്യകുമാര്‍ യാദവ് പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക്.
അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി സ്‌കൈയും രണ്ട് വിക്കറ്റ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.
ഈ പ്രകടനത്തിന് പിന്നാലെ ഇരുവര്‍ക്കും അഭിനന്ദന പ്രവാഹമാണ്. ‘സൂര്യ മുരളീധരനെ’ന്നും ‘റിങ്കു കുംബ്ലെ’യെന്നും വിളിച്ചാണ് ആരാധകര്‍ ഇരുവരെയും അഭിനന്ദിക്കുന്നത്. തോല്‍വി മുമ്പില്‍ കണ്ട സാഹചര്യത്തിലും ഇത്രത്തോളം ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെടുക്കാന്‍ ചില്ലറ ധൈര്യമൊന്നും പോരെന്നും 11 ഓള്‍ റൗണ്ടര്‍മാരുടെ ടീമാണ് ഇന്ത്യയെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ടി-20 പരമ്പരക്ക് ശേഷമുള്ള ഏകദിന പരമ്പരക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഓഗസ്റ്റ് രണ്ടിനാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. കൊളംബോയാണ് വേദി.
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര
ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.
ശ്രീലങ്ക സ്‌ക്വാഡ്
ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, ജനിത് ലിയനാഗെ, നിഷന്‍ മധുഷ്‌ക, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലാഗെ, ചമീക കരുണരത്നെ, മഹീഷ് തീക്ഷണ, അഖില ധനഞ്ജയ, ദില്‍ഷന്‍ മധുശങ്ക, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ
Content Highlight: Fans praises Suryakumar Yadav and Rinku Singh’s bowling performance against Sri Lanka