ലീഗ് വണ്ണില്‍ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ് പാരീസ് സെന്റ് ഷെര്‍മാങ്. ബ്രെസ്റ്റിനെതിരായ കഴിഞ്ഞ മത്സരത്തിലും വിജയിച്ചതോടെ ആരാധകര്‍ ഇത്തവണ ക്ലബ്ബില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
ലീഗ് വണ്‍ കിരീടത്തിനൊപ്പം തന്നെ യൂറോപ്പിന്റെ ചാമ്പ്യന്‍പട്ടവും പാരീസിലെത്തിക്കണമെന്നാണ് ആരാധകര്‍ ടീമിനോട് ആവശ്യപ്പെടുന്നത്.
ബ്രെസ്റ്റിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 1-0നായിരുന്നു പി.എസ്.ജിയുടെ വിജയം. മെസിയുടെ അസിസ്റ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറായിരുന്നു പി.എസ്.ജിക്കായി സ്‌കോര്‍ ചെയ്തത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ മങ്ങിയ മത്സരത്തില്‍ മെസിയും ഗോള്‍ കീപ്പര്‍ ഡൊണാറുമയും മികച്ചുനിന്നു.
കഴിഞ്ഞ ദിവസത്തെ ഗോള്‍ നേട്ടത്തിലൂടെ സീസണില്‍ പത്ത് ഗോള്‍ തികക്കാനും താരത്തിനായി. കേവലം എട്ട് മത്സരത്തില്‍ നിന്നാണ് താരം പത്ത് ഗോള്‍ സ്വന്തമാക്കിയത്. ഇതിന് പുറമെ ഏഴ് അസിസ്റ്റും സ്വന്തം പേരിലാക്കിയ നെയ്മര്‍ സീസണില്‍ മികച്ച ഫോമിലാണ്.
താരത്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ ഏറെ സന്തുഷ്ടരാണ്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച താരമായിട്ടാണ് ആരാധകര്‍ നെയ്മറിന് വാഴ്ത്തിപ്പാടുന്നത്.
നെയ്മറിന് ഇനിയും പലതും നേടാന്‍ സാധിക്കുമെന്നും അടുത്ത ബാലണ്‍ ഡി ഓര്‍ നേടാന്‍ എന്തുകൊണ്ടും യോഗ്യന്‍ നെയ്മറാണെന്നും ആരാധകര്‍ പറയുന്നു.
2017ലായിരുന്നു നെയ്മര്‍ കറ്റാലന്‍മാരുടെ പടക്കളത്തില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരുടെ കൂടാരത്തിലെത്തിയത്. അന്നുതൊട്ടിന്നുവരെ പി.എസ്.ജിക്കായി 152 മത്സരം കളിച്ച നെയ്മര്‍ 109 ഗോളും 67 അസിസ്റ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് പി.എസ്.ജിയും നെയ്മറും പുറത്തെടുത്തത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ യുവന്റസിനെതിരെ ഗോളടിക്കാന്‍ താരത്തിന് സാധിച്ചില്ലെങ്കിലും ഗോളടിപ്പിക്കാന്‍ നെയ്മറിനായിരുന്നു.
സെപ്റ്റംബര്‍ 15ന് യു.സി.എല്ലില്‍ മക്കാബി ഹാഫിയയോടാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlight: Fans praises PSG super star Neymar after his great Performance in League One