സീസണില്‍ മികച്ച പ്രകടനം തുടരുകയാണ് പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. ക്ലബ്ബ് തലത്തില്‍ പി.എസ്.ജിക്ക് വേണ്ടിയും നാഷണല്‍ ഡ്യൂട്ടിയില്‍ ബ്രസീലിന് വേണ്ടിയും ഗോളടിച്ചും അടിപ്പിച്ചും താരം കുതിപ്പ് തുടരുകയാണ്.
കഴിഞ്ഞ ദിവസം ഘാനക്കെതിരെ നടന്ന മത്സരത്തിലും നെയ്മര്‍ തന്റെ ക്ലാസ് പുറത്തെടുത്തിരുന്നു. 3-0ന് ആഫ്രിക്കന്‍ കരുത്തരെ മുട്ടുകുത്തിച്ച മത്സരത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ വമ്പന്‍മാര്‍ക്ക് വേണ്ടി രണ്ട് അസിസ്റ്റുമായാണ് നെയ്മര്‍ തിളങ്ങിയത്.
ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ റിച്ചാര്‍ലിസണായിരുന്നു നെയ്മറിന്റെ അസിസ്റ്റിലൂടെ വലകുലുക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെയായിരുന്നു മനോഹരമായ ഈ രണ്ട് അസിസ്റ്റും പിറന്നത്.
മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ തന്നെ ബ്രസീല്‍ മുമ്പിലെത്തിയിരുന്നു. മാര്‍ക്വിനോസാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 28ാം മിനിട്ടിലും 40ാം മിനിട്ടിലുമാണ് നെയ്മറിന്റെ അസിസ്റ്റില്‍ റിച്ചാര്‍ലിസണ്‍ ഗോള്‍ കണ്ടെത്തിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ആരാധകരുടെ സുല്‍ത്താനെ തേടിയെത്തിയിരിക്കുകയാണ്. ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോളുകളും അസിസ്റ്റും നേടിയ താരം എന്ന റെക്കോഡാണ് നെയ്മറിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടന്നുകൊണ്ടാണ് നെയ്മര്‍ ഈ റെക്കോഡ് തന്റെ പേരിലാക്കിയത്.
ക്ലബ്ബ് ഫുട്‌ബോളിലും നെയ്മര്‍ മാസ്മരിക പ്രകടനമാണ് കാഴ്ചവെക്കുന്നത്. പി.എസ്.ജിക്കായി 11 മത്സരം കളിച്ച ബ്രസീലിയന്‍ സൂപ്പര്‍ താരം 11 ഗോളും എട്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
പല മത്സരങ്ങളിലും മെസിയേക്കാളും എംബാപ്പെയെക്കാളും നിര്‍ണായകമായ നെയമ്‌റാണ് പി.എസ്.ജിയുടെ ചാലകശക്തിയെന്ന് മാനേജര്‍ ക്രിസ്റ്റൊഫെ ഗാള്‍ട്ടിയര്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
പി.എസ്.ജിക്കായും ബ്രസീലിന് വേണ്ടിയും മികച്ച പ്രകടനം നെയ്മര്‍ പുറത്തെടുത്തതോടെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാണ്. ഈ സീസണില്‍ ബാലണ്‍ ഡി ഓര്‍ നേടാന്‍ നെയ്മറിനോളം യോഗ്യന്‍ മറ്റാരും ഇല്ല എന്നും നെയ്മറിന്റെ ചിറകേറി ബ്രസീല്‍ ഇത്തവണ ലോകകപ്പ് നേടുമെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, 2022 ഖത്തര്‍ ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് കാനറികള്‍. രണ്ട് ദശകത്തിന് ശേഷം ലോകകിരീടം ഒരിക്കല്‍ക്കൂടി റിയോയുടെ മണ്ണിലേക്കെത്തിക്കാനാണ് ക്യാപ്റ്റന്‍ തിയാഗോ സില്‍വയും കൂട്ടരും ഒരുങ്ങുന്നത്.