അവനെ ട്രോളുന്നത് നിര്‍ത്തണം, ബഹുമാനിക്കാന്‍ സമയമായെന്ന് മാഞ്ചസ്റ്റര്‍ ആരാധകര്‍; റൊണാള്‍ഡോയെ അല്ല, മിഡ് ഫീല്‍ഡറെ ആണ്
Football
അവനെ ട്രോളുന്നത് നിര്‍ത്തണം, ബഹുമാനിക്കാന്‍ സമയമായെന്ന് മാഞ്ചസ്റ്റര്‍ ആരാധകര്‍; റൊണാള്‍ഡോയെ അല്ല, മിഡ് ഫീല്‍ഡറെ ആണ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd September 2022, 8:17 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തിന് പിന്നാലെ മിഡ് ഫീല്‍ഡറെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി മാഞ്ചസ്റ്റര്‍ ആരാധകര്‍. റെഡ് ഡെവിള്‍സിന്റെ മധ്യനിരയിലെ സൂപ്പര്‍ താരം സ്‌കോട്ട് മക്ടോമിനായിയെയാണ് ആരാധകരിപ്പോള്‍ പ്രശംസകൊണ്ട് മൂടുന്നത്.

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് ശേഷം പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും മാഞ്ചസ്റ്ററിനായി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിയെയായിരുന്നു മാഞ്ചസ്റ്റര്‍ തോല്‍പിച്ചത്.

കിങ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം. മത്സരത്തിന്റെ 24ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡിന്റെ പാസില്‍ നിന്നും ജേഡന്‍ സാഞ്ചോയായിരുന്നു ചുവന്ന ചെകുത്താന്‍മാരുടെ ഗോള്‍ സ്‌കോറര്‍.

മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് മിഡ് ഫീല്‍ഡര്‍ സ്‌കോട്ടിനെ ആരാധകര്‍ അഭിനന്ദിച്ച് രംഗത്തെത്തിയത്. അവനെ ഇനി ട്രോളാന്‍ പാടില്ലെന്നും അവന്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു ആരാധകരുടെ അഭിപ്രായം.

മത്സരത്തിലെ 90 മിനിറ്റും മികച്ച പ്രകടനം പുറത്തെടുത്ത ഈ സ്‌കോട്‌ലന്‍ഡ് ഇന്റര്‍നാഷണല്‍ മധ്യനിരയില്‍ നിര്‍ണായകമായി. ലെജന്‍ഡറി കാസിമെറോക്കൊപ്പം മധ്യനിരയില്‍ മികച്ച മുന്നേറ്റം നടത്താനും താരത്തിനായി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മികച്ച പ്രകടനമാണ് സ്‌കോട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ആരാധകര്‍ അദ്ദേഹത്തെ പ്രശംസകൊണ്ട് മൂടുന്നത്.

അതേസമയം, സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലെസ്റ്ററിനെതിരായ മത്സരവും ബെഞ്ചില്‍ നിന്നും തന്നെയായിരുന്നു തുടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് താരം ബെഞ്ചില്‍ നിന്നും മത്സരം തുടങ്ങിയത്.

തുടര്‍ച്ചയായ മൂന്നാം മത്സരമാണ് മാഞ്ചസ്റ്റര്‍ വിജയിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും തോറ്റുതുടങ്ങിയ മാഞ്ചസ്റ്റര്‍ വിജയപാതയിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.

സെപ്റ്റംബര്‍ നാലിനാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലാണ് എതിരാളികള്‍. കളിച്ച മത്സരങ്ങളെല്ലാം ജയിച്ച ഗണ്ണേഴ്സിന് 15 പോയിന്റാണുള്ളത്.

 

Content Highlight: Fans praises Manchester United Midfielder Scot McTominay after win Against Leister City