| Saturday, 22nd July 2023, 6:27 pm

'വണ്‍ മാന്‍ ഷോ'; 'ക്രിസ്റ്റ്യാനോക്ക് സാധ്യമാകുമോ ഇത്'; മെസിയെ വാനോളം പുകഴ്ത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അമേരിക്കന്‍ ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കാഴ്ചവെച്ചത്. ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെയായിരുന്നു മെസി കളത്തിലിറങ്ങിയത്. 1-1ന്റെ സമനിലയില്‍ പിരിയാനൊരുങ്ങിയ മത്സരത്തിന്റെ 94ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്കിലൂടെ ഇന്റര്‍ മയാമി ജയിക്കുകയായിരുന്നു.

മയാമിയുടെ വിജയത്തിന് പിന്നാലെ മെസിയെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. എം.എല്‍.എസില്‍ ഒറ്റയാള്‍ പോരാട്ടമാണ് മെസി നടത്തിയതെന്നും ലിയോക്ക് മാത്രമെ അതിന് സാധിക്കൂ എന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. മെസിയെ പ്രശംസിക്കുന്നതോടൊപ്പം ക്രിസ്റ്റ്യാനോയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി.

മത്സരത്തിന്റെ ആദ്യ ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ റോബേര്‍ട്ട് ടെയ്ലറിലൂടെ മയാമി ലീഡെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ 54ാം മിനിട്ടില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് പത്താം നമ്പര്‍ കുപ്പായത്തില്‍ ഇതിഹാസം ഇറങ്ങിയത്. മെസി ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും യൂറിയല്‍ അന്റൂന ക്രൂസ് അസൂളിനായി സമനില പിടിച്ചു.

മികച്ച വരവേല്‍പ്പായിരുന്നു ലോക ചാമ്പ്യന് അമേരിക്കന്‍ ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ ലഭിച്ചത്. ഓരോ തവണ താരം പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ മെസി ചാന്റുകള്‍ മുഴങ്ങി. ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു.

അതേസമയം, മത്സരത്തില്‍ ജയിക്കാനായെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ് മയാമി. ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ അഞ്ച് തവണ മാത്രമാണ് ഇന്റര്‍ മയാമിക്ക് ജയിക്കാനായത്. ജയിച്ചെങ്കിലും പോയന്റ് പട്ടികയില്‍ ഇന്റര്‍ മിയാമി ഇപ്പോഴും അവസാന സ്ഥാനത്തു തന്നെയാണ്.

Content Highlights: Fans praises Lionel Messi after Inter Miami’s debut

Latest Stories

We use cookies to give you the best possible experience. Learn more