| Thursday, 19th October 2023, 11:14 pm

വിരാടിന്റെ സെഞ്ച്വറിക്കായി രാഹുലിന്റെ ത്യാഗം; ടീം എന്നും ടീം മേറ്റ് എന്നുമൊക്കെ പറഞ്ഞാല്‍ ഇതാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ചാണ് വിരാട് കോഹ്‌ലി തിളങ്ങിയത്. താരത്തിന്റെ 48ാം ഏകദിന സെഞ്ച്വറിയാണിത്. ഇതോടെ ഏകദിനത്തില്‍ 49 സെഞ്ച്വറി എന്ന സച്ചിന്റെ നേട്ടത്തിന് തൊട്ടടുത്തെത്താനും വിരാടിനായി.

വിരാട് കോഹ്‌ലിക്കൊപ്പം തന്നെ സൂപ്പര്‍ താരം കെ.എല്‍. രാഹുലിനും കയ്യടികളും അഭിനന്ദങ്ങളും ഉയരുന്നുണ്ട്. വിരാടിനൊപ്പം ചേര്‍ന്ന് ടീമിനെ വിജയത്തിലേക്കെത്തിച്ചതിന് മാത്രമല്ല, താരത്തിന്റെ സെല്‍ഫ് ലെസ് മനോഭാവത്തിന് കൂടിയാണ് കയ്യടികളുയരുന്നത്.

ഒരുവേള ഇന്ത്യക്ക് ജയിക്കാന്‍ 20 റണ്‍സ് വേണ്ടിയിരുന്നു, ആ സമയത്ത് വിരാടിന് സെഞ്ച്വറി തികയ്ക്കാന്‍ വേണ്ടിയിരുന്നതും 20 റണ്‍സാണ്. ഇന്‍ഡിവിജ്വല്‍ സ്‌കോര്‍ 74ല്‍ നില്‍ക്കവെ സിക്‌സര്‍ നേടി മികച്ച രീതിയില്‍ ക്രീസില്‍ തുടരുകയായിരുന്നു വിരാട്.

ഈ സമയം 34 പന്തില്‍ നിന്നും 34 റണ്‍സ് നേടിയാണ് രാഹുല്‍ ക്രീസില്‍ നിന്നത്. ഈ സാഹചര്യത്തില്‍ വിരാട് സെഞ്ച്വറി പൂര്‍ത്തിയാക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന രാഹുല്‍ ആ സെഞ്ച്വറി അത്രത്തോളം ആഗ്രഹിച്ചിരുന്നു.

ആ നിമിഷം മുതല്‍ ഒറ്റ റണ്‍സ് പോലും തന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കാതെയാണ് രാഹുല്‍ വിരാടിന്റെ 48ാം ഏകദിന സെഞ്ച്വറിക്ക് വഴിയൊരുക്കിയത്. ഒറ്റ പന്ത് പോലും സ്‌ട്രൈക്ക് വരാതിരിക്കാനും രാഹുല്‍ ശ്രദ്ധിച്ചിരുന്നു. വിരാട് സ്‌ട്രൈക്ക് കൈമാറാന്‍ ഒരുങ്ങിയപ്പോള്‍ രാഹുല്‍ അത് നിരസിക്കുകയും ചെയ്തു.

വിരാടിന് സെഞ്ച്വറി നല്‍കാതിരിക്കാന്‍ ബംഗ്ലാ ബൗളര്‍മാരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായെങ്കിലും അര്‍ഹിച്ച സെഞ്ച്വറിക്ക് വിലങ്ങുതടിയാകാന്‍ അതിനൊന്നും സാധിക്കുമായിരുന്നില്ല.

ഒടുവില്‍ സ്‌കോര്‍ ലെവലായിരിക്കുന്ന സമയത്ത്, വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കവെ നാസും അഹമ്മദിനെ സിക്‌സറിന് പറത്തിയാണ് വിരാട് തന്റെ സെഞ്ച്വറി നേട്ടവും ടീമിന്റെ വിജയവും ഒരുപോലെ ആഘോഷിച്ചത്.

ആറ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ വിരാട് 97 പന്തില്‍ 103 റണ്‍സ് നേടിയപ്പോള്‍ മൂന്ന് ഫോറും ഒരു സിക്‌റും അടക്കം 34 പന്തില്‍ 34 റണ്‍സാണ് രാഹുല്‍ നേടിയത്.

Content Highlight: Fans praises KL Rahul’s selfless act

We use cookies to give you the best possible experience. Learn more