ആവേശകരമായ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ടെസ്റ്റ് പരമ്പര സമനിലയില്‍ കലാശിച്ചപ്പോള്‍ ട്വന്റി 20യും ഏകദിനവും ഇന്ത്യന്‍ ടീം സ്വന്തമാക്കുകയായിരുന്നു. 2-1 എന്ന നിലയിലാണ് ഇന്ത്യ ഇരു പരമ്പരകളും നേടിയത്.
ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര എന്ന സാഹചര്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 259 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ റിഷബ് പന്തിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ വിജയിക്കുകയായിരുന്നു. 113 പന്ത് നേരിട്ട പന്ത് 125 റണ്‍സാണ് നേടിയത്. 16 ഫോറും രണ്ട് സിക്‌സും താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നു.
മത്സരത്തിന് ശേഷം ഒരുപാട് അഭിനന്ദനങ്ങള്‍ പന്തിനെ തേടിയെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഒരുപോലെ ആരാധകരുടെയും മുന്‍ താരങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ പന്തിനെ ആദ്യം അഭിനന്ദിച്ചത് ഇംഗ്ലണ്ട് താരമായ ജോണി ബെയര്‍സ്‌റ്റോയാണ്. മത്സരം കഴിഞ്ഞയുടനെ അദ്ദേഹം പന്തിനെ വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ട്വിറ്ററില്‍ ബെയര്‍സ്റ്റോക്ക് അഭിനന്ദനവുമായി ഒരുപാട് ആരാധകര്‍ വന്നിരുന്നു. ക്രിക്കറ്റിനെ മനോഹരമായ ഗെയ്മായി മാറ്റുന്നതത് ഇത്തരത്തിലുള്ള പ്രവര്‍ത്തികളാണ് എന്നാണ് ഒരു ആരാധകന്‍ പറഞ്ഞത്.
കളിക്കളത്തില്‍ സ്ലെഡ്ജിങ്ങിനും പോര്‍വിളിക്കും പേരുകേട്ട താരമാണ് ബെയര്‍സ്റ്റോ. എന്നാല്‍ ബാക്കിയുള്ള ഇംഗ്ലണ്ട് താരങ്ങള്‍ കൈ കൊടുത്തപ്പോള്‍ അദ്ദേഹം പന്തിനെ കെട്ടിപിടിക്കുകയായിരുന്നു. അദ്ദേഹം ഒരാളെന്ന നിലയില്‍ എത്രമാത്രം പക്വതയുള്ള ആളാണെന്ന് ഇതില്‍ നിന്നും മനസിലാക്കാം.
തുല്യശക്തികളായ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മികച്ച പരമ്പരയായിരുന്നു ആരാധകര്‍ക്ക് ലഭിച്ചത്. മത്സരത്തിനപ്പുറമുള്ള സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് തെളിയിക്കുന്ന ചിത്രമായിരുന്നു ബെയര്‍സറ്റോയുടേയും പന്തിന്റേയും.
അതേസമയം 260 റണ്‍സ് ചെയ്സ് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരമേറ്റിരുന്നു. വെറും ഒരു റണ്‍ നേടി മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായിരുന്നു. പിന്നീട് അഞ്ചാം ഓവറില്‍ തന്നെ നായകന്‍ രോഹിത്തിനെയും ഇന്ത്യക്ക് നഷ്ടമായി.
മുന്‍ നായകന്‍ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഹര്‍ദിക് ആക്രമിച്ചും പന്ത് നങ്കൂരമിട്ടും കളിച്ചപ്പോള്‍ ഒരു ക്ലാസിക്ക് പാര്‍ട്ട്നര്‍ഷിപ്പിനായിരുന്നു മാഞ്ചസ്റ്റര്‍ സാക്ഷിയായത്.
36ാം ഓവറില്‍ ഹര്‍ദിക് 71 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പിന്നീട് കണ്ടത് റിഷബ് പന്തിന്റെ അഴിഞ്ഞാട്ടമായിരുന്നു. അത് വരെ നങ്കൂരമിട്ട് കളിച്ച പന്ത് പിന്നീട് അടിച്ചുതകര്‍ത്തു.
42ാം ഓവറില്‍ അഞ്ച് ബൗണ്ടറികളാണ് താരം സ്വന്തമാക്കിയത്. 43ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഫോറടിച്ചുകൊണ്ട് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു പന്ത്.