കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – ടോട്ടന്‍ഹാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് റെഡ് ഡെവിള്‍സ് ലില്ലി വൈറ്റ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയില്‍ ഫ്രെഡും ബ്രൂണോ ഫെര്‍ണാണ്ടെസും നേടിയ ഗോളുകളാണ് യുണൈറ്റഡിനെ വിജയത്തിലെത്തിച്ചത്.
എന്നാല്‍ ഇതിലുമേറെ ഗോളുകള്‍ മാഞ്ചസ്റ്ററിന്റെ പേരില്‍ കുറിക്കപ്പെടേണ്ടിയിരുന്ന മത്സരമായിരുന്നു അത്. ആദ്യ പകുതിയില്‍ ജേയ്ഡന്‍ സാഞ്ചോയും ആന്റണിയുമെല്ലാം നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നുവെങ്കിലും അതൊന്നും തന്നെ ഗോളായിരുന്നില്ല.
ടോട്ടന്‍ഹാമിന്റെ പ്രതിരോധ നിര തകര്‍ന്നപ്പോഴും പിടിച്ചുനിന്ന ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസാണ് ടോട്ടന്‍ഹാമിനെ വന്‍ പരാജയത്തില്‍ നിന്നും കരകയറ്റിയത്.
എണ്ണം പറഞ്ഞ എട്ട് സേവുകളായിരുന്നു താരം നടത്തിയത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ എതിരാളികളെ കൊണ്ട് പോലും കയ്യടിപ്പിച്ച പ്രകടനമായിരുന്നു ലോറിസ് നടത്തിയത്.
ഓണ്‍ ടാര്‍ഗെറ്റിലേക്ക് മാഞ്ചസ്റ്റര്‍ പത്ത് തവണ നിറയൊഴിച്ചപ്പോള്‍ അതില്‍ രണ്ടെണ്ണത്തിന് മാത്രമേ ലോറിസ് എന്ന മഹാപര്‍വതത്തെ മറികടക്കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ടോട്ടന്‍ഹാം വഴങ്ങിയ രണ്ട് ഗോളും പ്രതിരോധത്തിന്റെ പാളിച്ചകള്‍ മാഞ്ചസ്റ്റര്‍ മുതലെടുത്തപ്പോള്‍ തന്നെയായിരുന്നു.
ഫ്രെഡ് നേടിയ ആദ്യ ഗോള്‍ സ്പര്‍സ് താരത്തിന്റെ കാലില്‍ തട്ടി ഡിഫ്‌ളക്ട് ചെയ്തിട്ടാണ് ഗോള്‍ പോസ്റ്റിലേക്ക് ആഴ്ന്നിറങ്ങിയത്. രണ്ടാം ഗോളും ലില്ലി വൈറ്റസിന്റെ പ്രതിരോധത്തിലെ പിഴവിലൂടെ തന്നെയായിരുന്നു.
ഗോള്‍ കീപ്പറൊഴികെ ടോട്ടന്‍ഹാമിന്റെ എല്ലാ താരങ്ങളും നിറം മങ്ങിയ മത്സരമായിരുന്നു അത്. എന്നാല്‍ ടീമിനെ താഴെ വീഴാതെ കാത്തുരക്ഷിച്ചത് ലോറിസായിരുന്നു. ഇതിന് പിന്നാലെ താരത്തിന് ടോട്ടന്‍ഹാം ആരാധകരുടെ മാത്രമല്ല, ഫുട്‌ബോള്‍ ആരാധകരുടെയൊന്നാകെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ ലില്ലി വൈറ്റ്‌സിനായി. 11 മത്സരത്തില്‍ നിന്നും 23 പോയിന്റാണ് ടോട്ടന്‍ഹാമിനുള്ളത്.