'മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് ക്രിസ്റ്റ്യാനോയുടെ ഈ ഗോളിന് തന്നെ, ഇനി ചര്‍ച്ചകള്‍ വേണ്ട'
Sports News
'മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് ക്രിസ്റ്റ്യാനോയുടെ ഈ ഗോളിന് തന്നെ, ഇനി ചര്‍ച്ചകള്‍ വേണ്ട'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th November 2023, 9:43 am

സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ കയ്യടക്കി ആരാധകര്‍. അല്‍ അഖ്ദൂദിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അല്‍ നസര്‍ വിജയിച്ചുകയറിയത്. അല്‍ നസറിനായി ക്രിസ്റ്റ്യാനോ  ഇരട്ട ഗോള്‍ നേടിയപ്പോള്‍ സാമി അല്‍ നെജെയ് ആണ് മറ്റൊരു ഗോള്‍ നേടിയത്.

മത്സരത്തിന്റെ 13ാം മിനിട്ടില്‍ സാമിയിലൂടെ അല്‍ നസര്‍ ലീഡ് നേടി. സുല്‍ത്താന്‍ അല്‍ ഘാനത്തിന്റെ അസിസ്റ്റില്‍ നിന്നുമാണ് മഞ്ഞക്കുപ്പായക്കാര്‍ ആദ്യ ഗോള്‍ കണ്ടെത്തിയത്.

ശേഷം വലിയ ചലനങ്ങളൊന്നുമില്ലാതെ ഹാഫ് ടൈം കടന്നുപോയി. രണ്ടാം പകുതി ആരംഭിച്ച് അരമണിക്കൂര്‍ ഗോള്‍ നേടാന്‍ ഇരുടീമുകളും ശ്രമിച്ചെങ്കിലും 77ാം മിനിട്ടില്‍ ക്രിസ്റ്റിയാനോയാണ് മത്സരത്തിലെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചത്. ഗോള്‍ പോസ്റ്റിന്റെ വലത് വശത്ത് നിന്നും നാരോ ആംഗിളിലൂടെ റോണോ ഗോള്‍വല ചലിപ്പിക്കുകയായിരുന്നു.

മൂന്ന് മിനിട്ടിന് ശേഷം റൊണാള്‍ഡോ മറ്റൊരു ഗോള്‍ കൂടി സ്വന്തമാക്കി. തന്റെ കരിയറിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നാണ് അല്‍ അവ്വല്‍ പാര്‍ക്കില്‍ അല്‍ നസര്‍ നായകന്‍ നേടിയത്. റൊണാള്‍ഡോയുടെ കാലില്‍ നിന്നും പറന്നിറങ്ങിയ പന്ത് അഖ്ദൂദ് വലയില്‍ വിശ്രമിച്ചപ്പോള്‍ സ്‌റ്റേഡിയമൊന്നാകെ ആവേശം അലതല്ലി.

ഈ ഗോളിന് പിന്നാലെ ആരാധകര്‍ സോഷ്യല്‍ മീഡിയ കയ്യടക്കിയിരിക്കുകയാണ്. അല്‍ നസറിന്റെ വിജയത്തെക്കാളും റൊണാള്‍ഡോയുടെ രണ്ടാം ഗോളാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

ഈ വര്‍ഷത്തെ പുസ്‌കാസ് അവാര്‍ഡിനുള്ള ഗോളാണിതെന്നും ഇതുകൊണ്ടാണ് ക്രിസ്റ്റിയാനോ ഇപ്പോഴും ഗോട്ടായി നിലനില്‍ക്കുന്നത് എന്നെല്ലമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, അല്‍ അഖ്ദൂദിനെതിരായ ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരാനും അല്‍ നസറിനായി. 14 മത്സരത്തില്‍ നിന്നും 11 ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം 34 പോയിന്റാണ് അല്‍ നസറിനുള്ളത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ചിരവൈരികളായ അല്‍ ഹിലാലിന് തൊട്ടുതാഴെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും സ്ഥാനം.

നവംബര്‍ 27നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ പെര്‍സപൊലിസിനിനെതിരെയാണ് റൊണാള്‍ഡോയും സംഘവും കളത്തിലിറങ്ങുക. അല്‍ അവ്വല്‍ പാര്‍ക്കാണ് വേദി.

അല്‍ നസര്‍ – പെര്‍സപൊലിസ് ആദ്യ പാദ മത്സരത്തില്‍ റൊണാള്‍ഡോയും സംഘവും എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു.

ഡിസംബര്‍ ഒന്നിനാണ് സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഹിലാലാണ് എതിരാളികള്‍.

 

Content Highlight: Fans praises Cristiano Ronaldo’s goal