പ്രൈം ടൈമിലെ സിദാനെ പോലെ, ഇതുപോലെ കളിച്ചാല്‍ ഇത്തവണ ലോകകപ്പ് പോര്‍ച്ചുഗലിന്; മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരത്തെ പുകഴ്ത്തി ആരാധകര്‍
Football
പ്രൈം ടൈമിലെ സിദാനെ പോലെ, ഇതുപോലെ കളിച്ചാല്‍ ഇത്തവണ ലോകകപ്പ് പോര്‍ച്ചുഗലിന്; മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരത്തെ പുകഴ്ത്തി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th September 2022, 11:24 am

കഴിഞ്ഞ ദിവസമായിരുന്നു യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു പറങ്കികളുടെ വിജയം. ലോകകപ്പിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നത് പോര്‍ച്ചുഗലിന്റെയും ആരാധകരുടെയും ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.

ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ഏയ്‌സ്. 77ാം മിനിട്ടില്‍ തിരിച്ച് കയറേണ്ടി വന്നെങ്കിലും അതിനോടകം തന്നെ മത്സരത്തില്‍ താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു.

ഹാഫ് ടൈമിന് തന്നെ പോര്‍ച്ചുഗല്‍ രണ്ട് ഗോളിന്റെ ലീഡ് നേടിയിരുന്നു. 33ാം മിനിട്ടില്‍ ഡിയാഗോ ഡാലോട്ടും ആദ്യ പകുതിയുടെ അധിക സമയത്ത് ബ്രൂണോ ഫെര്‍ണാണ്ടസുമായിരുന്നു പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.

52ാം മിനിട്ടില്‍ ഡാലോട്ട് വീണ്ടും വലകുലുക്കിയതോടെ പോര്‍ച്ചുഗല്‍ ലീഡ് വര്‍ധിപ്പിച്ചു. ശേഷം കളിയവസാനിക്കാന്‍ എട്ട് മിനിട്ട് ബാക്കിനില്‍ക്കെ ഡിയാഗോ ജോട്ട വീണ്ടും ചെക്ക് വലനിറച്ചതോടെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത നാല് ഗോളിന് വിജയം പിടിച്ചടക്കുകയായിരുന്നു.

എന്നാല്‍ കളിയുടെ മൊത്തം ക്രെഡിറ്റും കീശയിലാക്കിയായിരുന്നു 77ാം മിനിട്ടില്‍ ഫെര്‍ണാണ്ടസ് കളം വിട്ടത്. ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ താരത്തെ അഭിനന്ദിക്കാന്‍ ആരാധകര്‍ക്ക് ഒരു പ്രത്യേക ആവേശമായിരുന്നു.

ഫെര്‍ണാണ്ടസിന്റെ കളി കാണുമ്പോള്‍ സിനദിന്‍ സിദാനെയാണ് ഓര്‍മ വരുന്നതെന്നും ലൂക്ക മോഡ്രിച്ചിന്റെ അതേ ലെവല്‍ തന്നെയാണ് ഫെര്‍ണാണ്ടസിനുള്ളതെന്നും ആരാധകര്‍ പറയുന്നു.

ഫെര്‍ണാണ്ടസ് ഇതേ രീതിയലുള്ള പ്രകടനം തുടര്‍ന്നാല്‍ ഖത്തര്‍ ലേകകപ്പ് പോര്‍ച്ചുഗലിന് ലഭിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, നേഷന്‍സ് കപ്പ് ഗ്രൂപ്പ് 2ല്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് കളിയില്‍ നിന്നും മൂന്ന് ജയവും ഒന്ന് വീതം തോല്‍വിയും സമനിലയുമാണ് പോര്‍ച്ചുഗലിനുള്ളത്.

സ്‌പെയ്‌നാണ് രണ്ടാം സ്ഥാനത്ത്. രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമാണ് സ്‌പെയ്‌നുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്നാമതും ചെക്ക് റിപ്പബ്ലിക് നാലാം സ്ഥാനത്തുമാണ്.

 

Content highlight: Fans Praises Bruno Fernandez after Portugal vs Czech Republic match