ലാ ലിഗയില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ബാഴ്സലോണ തോല്‍വി വഴങ്ങിയിരുന്നു. സെല്‍റ്റ വിഗോയ്ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ തോല്‍വി. വിഗോയ്ക്കായി ഗാബ്രി വെയ്ഗ രണ്ട് തവണ വല കുലുക്കിയപ്പോള്‍ അന്‍സു ഫാറ്റിയാണ് ബാഴ്സക്കായി ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിന് ശേഷം ഫാറ്റിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. വിഗോയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഫാറ്റി പഴയ ഫോമിലേക്ക് തിരിച്ചെത്തിയെന്നും താരത്തിന് ബാഴ്‌സയുടെ മികച്ച കളിക്കാരിലൊരാളായി പേരെടുക്കാനാകുമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. താരത്തെ പ്രശംസിച്ച് ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസും രംഗത്തുണ്ട്.
ഫാറ്റിയുടെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്നും എല്ലാ കളിക്കാരെയും പോലെ ഫാറ്റിക്കും ഇത് മികച്ച സീസണായിരുന്നെന്നും സാവി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഫാറ്റിയുടെ കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്. ബാഴ്‌സയിലെ മറ്റുകളിക്കാരെ പോലെ അന്‍സുവിനും ഇത് മികച്ച സീസണ്‍ ആയിരുന്നു. മത്സരത്തിന് മുമ്പ് ഞാന്‍ അവരെ അഭിനന്ദിച്ചിരുന്നു. അവരെല്ലാവരും ഓരോ ഘട്ടത്തില്‍ ബാഴ്‌സലോണയുടെ നിര്‍ണായക താരങ്ങളാണ്,’ സാവി പറഞ്ഞു.
അതേസമയം, ബാഴ്‌സലോണയില്‍ അന്‍സു ഫാറ്റിയുടെ ഭാവി അനിശ്ചിത്വത്തിലാണ്. മെസിയുടെ 10ാം നമ്പര്‍ ജേഴ്‌സിയില്‍ ബാഴ്‌സയിലെത്തിയ അന്‍സു സീസണിന്റെ തുടക്കത്തില്‍ പരിക്കുകളുടെ പിടിയിലായിരുന്നു. ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താനൊരുങ്ങിയ ബാഴ്‌സലോണ അന്‍സു ഫാറ്റി അടക്കം നിരവധി താരങ്ങളെ ഈ സീസണിന്റെ അവസാനത്തോടെ വില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിഷയത്തില്‍ സാവി പ്രതികരണം അറിയിച്ചിരുന്നു. അന്‍സുവിന്റെ ഗോളുകളും അസിസ്റ്റും ശ്രദ്ധേയമാണെന്നും എന്നാല്‍ താരത്തിന്റെ ക്ലബ്ബിലെ ഭാവിയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ ആഴ്ചയില്‍ തന്നെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും സാവി കൂട്ടിച്ചേര്‍ത്തു.
ലാ ലിഗയില്‍ ഇതുവരെ കളിച്ച 38 മത്സരങ്ങളില്‍ നിന്ന് 28 ജയവും നാല് തോല്‍വിയുമായി 88 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ. അത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 23 ജയവും ആറ് തോല്‍വിയുമായി 10 പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.
ജൂണ്‍ ആറിന് വിസല്‍ കോബക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.