| Monday, 24th July 2023, 12:08 pm

'അവനുണ്ടെങ്കില്‍ റയലിന് മറ്റാരും വേണ്ട'; സൂപ്പര്‍ താരത്തെ പുകഴ്ത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീ സീസണ്‍ മത്സരത്തില്‍ എ.സി. മിലാനെതിരെ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. സമനിലയില്‍ പിരിയാനിരുന്ന മത്സരത്തിന്റെ 84ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറുടെ തകര്‍പ്പന്‍ ഗോളിലൂടെ റയല്‍ ജയമുറപ്പിക്കുകയായിരുന്നു.

മത്സരത്തിന് ശേഷം താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. കഴിഞ്ഞ രണ്ട് സീസണുകളിലായി റയലിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് വിനീഷ്യസ് പുറത്തെടുക്കുന്നത്. ലോസ് ബ്ലാങ്കോസിന്റെ നിര്‍ണായക താരമായി മാറാന്‍ ഇതിനകം വിനിക്ക് സാധിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലടക്കം ഗോള്‍ നേടാന്‍ സാധിച്ച വിനി കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നായി 45 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

എ.സി മിലാനെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് റയല്‍ മൂന്ന് ഗോളടിച്ച് വിജയം നേടിയത്. മത്സരത്തിന്റെ 25ാം മിനിട്ടില്‍ ഫിക്കായോ ടോമോറി എ.സി മിലാനായി നേടി.

ആദ്യ പാദം അവസാനിക്കാന്‍ മൂന്ന് മിനിട്ടുകള്‍ ബാക്കി നില്‍ക്കെ റൊമേറോയിലൂടെ മിലാന്‍ ലീഡ് ഇരട്ടിയാക്കി. ബോക്സിന് പുറത്ത് നിന്നും മനോഹരമായ ഷോട്ടിലൂടെയാണ് യുവ വിങ്ങര്‍ ഗോള്‍ നേടിയത്. കാലിഫോര്‍ണിയയിലുള്ള റോസ് ബോള്‍ സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ 2-0ന് പിന്നിലായ റയല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തുമായി ഇറങ്ങി.

57ാം മിനിട്ടില്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ മാര്‍ക്കോ സ്പോര്‍ട്ടിയല്ലോയുടെ പിഴവില്‍ നിന്നും ഫെഡറിക്കോ വാല്‍വെര്‍ഡെ നേടിയ ഗോളില്‍ സ്‌കോര്‍ 2 -1 എന്ന നിലയിലായി. തൊട്ടടുത്ത മിനിട്ടില്‍ വാല്‍വെര്‍ഡെ ഒരിക്കല്‍ കൂടി വലകുലുക്കി.

അവസാന മിനിട്ടുകളിലേക്ക് മത്സരം കടന്നപ്പോഴാണ് ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ മാഡ്രിഡ് വിജയ ഗോള്‍ നേടുന്നത്.

Content Highlights: Fans praise Vinicis Jr after the win against AC Milan

We use cookies to give you the best possible experience. Learn more