അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ കഴിഞ്ഞ ദിവസം സെനഗല്‍ ബ്രസീലുമായി ഏറ്റുമുട്ടിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സെനഗലിനായിരുന്നു ജയം. സൂപ്പര്‍താരം സാദിയോ മാനെയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ സെനഗല്‍ ജയമുറപ്പിക്കുകയായിരുന്നു.
തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് കാനറികള്‍ തോല്‍വി വഴങ്ങിയത്. മത്സരത്തിന്റെ പതിനൊന്നാം മിനിട്ടില്‍ ക്രോസില്‍ നിന്ന് ഹെഡറിലൂടെ ലൂകാസ് പക്വേറ്റ ആണ് ബ്രസീലിന് ലീഡ് നല്‍കിയത്. തുടര്‍ന്ന് നടന്ന ശക്തമായ പോരാട്ടത്തില്‍ ഡിയാലോ സെനഗലിനായി സമനില ഗോള്‍ നേടി.
മത്സരത്തിന്റെ രണ്ടാം പാദത്തില്‍ സെല്‍ഫ് ഗോളിലൂടെ സെനഗല്‍ ലീഡെടുത്തു. മൂന്ന് മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ മാനെയുടെ ആദ്യ ഗോള്‍ പിറന്നു. ഇതോടെ മത്സരം 3-1 എന്ന നിലയിലായി. തൊട്ടടുത്ത മിനിട്ടുകളില്‍ തന്നെ മാര്‍ക്വിഞ്ഞോസിന്റെ ഗോളിലൂടെ ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയെങ്കിലും സമനിലയിലെത്താന്‍ കാനറിപ്പടക്ക് സാധിച്ചില്ല. കളിയുടെ അവസാന മിനിട്ടിലാണ് മാനെ രണ്ടാമത്തെ ഗോള്‍ തൊടുത്ത് ജയമുറപ്പിച്ചത്.
അവസാന ഒമ്പത് മത്സരങ്ങളില്‍ ബ്രസീല്‍ ആദ്യമായാണ് ഒരു കളിയില്‍ നാല് ഗോളുകള്‍ വഴങ്ങുന്നത്. എന്നാല്‍ കാനറികള്‍ക്കെതിരെ വിജയിച്ചതോടെ ആഫ്രിക്ക നേഷന്‍സ് കപ്പിന് മുമ്പായി സെനഗലിന് ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി.
മത്സരത്തിന് ശേഷം നിരവധി പേരാണ് മാനെയെ പ്രശംസിച്ച് രംഗത്തെത്തിയത്. സൂപ്പര്‍താരം സാദിയോ മാനെയുടെ ചിറകിലേറിയാണ് സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്മാരായത്. ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചു.
എന്നാല്‍ ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി വലത് കാലിനേറ്റ പരിക്ക് കാരണം മാനെക്ക് ലോകകപ്പ് നഷ്ടമായിരുന്നു. തുടര്‍ന്ന് താരം സര്‍ജറിക്ക് വിധേനയാവുകയും വിശ്രമത്തില്‍ കഴിയുകയുമായിരുന്നു. വരാനിരിക്കുന്ന ആഫ്രിക്ക നേഷന്‍സ് കപ്പില്‍ പഴയ പ്രകടനം പുറത്തെടുത്ത് മാനെക്ക് ഒരിക്കല്‍ കൂടി കിരീടം നേടാനാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: Fans praise Sadio Mane after the win against Brazil in International friendly match