രാജകീയ തീരിച്ചുവരവ്; നെയ്മറിന്റെ തോളിലേറി പാരീസ്
Football
രാജകീയ തീരിച്ചുവരവ്; നെയ്മറിന്റെ തോളിലേറി പാരീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd August 2023, 6:15 pm

പ്രീ സീസണ്‍ ക്ലബ്ബ് ഫ്രണ്ട്‌ലീസില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി. ജിയോന്‍ബക്കിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം.

മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോള്‍ നേടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ ദീര്‍ഘ നാളത്തെ വിശ്രമത്തിന് ശേഷം കളത്തില്‍ തിരിച്ചെത്തിയ നെയ്മര്‍ തകര്‍പ്പന്‍ പ്രകടനമാണ് പ്രീ സീസണ്‍ മാച്ചില്‍ കാഴ്ചവെച്ചിരിക്കുന്നത്.

താരത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. പാരീസിലെ യഥാര്‍ത്ഥ രാജാവ് നെയ്മറാണെന്ന് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. നെയ്മര്‍ അപകടകാരിയായ കളിക്കാരനാണെന്നും അത്തരത്തിലുള്ള ഗോളാണ് കാണാനായതെന്നും ട്വീറ്റുകളുണ്ട്. നെയ്മറെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും ഇത്തരത്തില്‍ ഒരു തിരിച്ചുവരവ് കാണാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു.

രണ്ട് ഗോളുകള്‍ക്ക് പുറമെ ഒരു അസിസ്റ്റും താരം നേടിയിരുന്നു. ആദ്യ ഇലവനില്‍ തന്നെ ഇടം പിടിച്ച നെയ്മര്‍ മത്സരത്തിന്റെ 40ാം മിനിട്ടിലാണ് ഗോള്‍ നേടിയത്. എതിര്‍ താരങ്ങളെ കബളിപ്പിച്ച് നെയ്മര്‍ ഉതിര്‍ത്ത ഷോട്ട് വലയിലെത്തുകയായിരുന്നു. പിന്നീട് 83ാം മിനിട്ടില്‍ നെയമര്‍ രണ്ടാമത്തെ ഗോളും നേടി.

മത്സരത്തിന്റെ 88ാം മിനിട്ടിലാണ് അസെന്‍സിയോയുടെ ഗോള്‍ പിറന്നത്. നെയ്മര്‍ നല്‍കിയ ബാക്ക് ഹീല്‍ പാസ് അസെന്‍സിയോ വലയിലെത്തിക്കുകയായിരുന്നു.

Content Highlights: Fans praise Neymar after the match in pre season friendly