കളിയുടെ 50ാം മിനിട്ടില്‍ ബാഴ്‌സലോണ താരം മാര്‍ക്കോസ് അലോന്‍സോയുടേതായിരുന്നു ആദ്യ ഗോള്‍. രണ്ട് മിനിട്ട് പിന്നിട്ടപ്പോള്‍ തന്നെ യുണൈറ്റഡിന്റെ മിന്നുംതാരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തകര്‍പ്പന്‍ ഗോളിലൂടെ സമനില പിടിച്ചു. 59ാം മിനിട്ടില്‍ ജൂള്‍സ് കോണ്ടെയുടെ ഷോട്ടിലൂടെ യുണൈറ്റഡ് ലീഡുയര്‍ത്തുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ റഫീഞ്ഞയുടെ ഗോളിലൂടെ ബാഴ്‌സ സമനില പിടിച്ചു.
ഇരുടീമുകളെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളെക്കാളും ത്രസിപ്പിക്കുന്നതായിരുന്നു ഈ മത്സരമെന്ന് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
പലരും രണ്ട് ടീമുകളുടെയും പരിശീലകന്‍മാരെ പ്രശംസിച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എത്ര ഭംഗിയായാണ് ടെന്‍ ഹാഗും സാവിയും തങ്ങളുടെ കുട്ടികളെ ട്രെയിന്‍ ചെയ്തിരിക്കുന്നതെന്നാണ് ചില ട്വീറ്റുകള്‍.
മാഞ്ചസ്റ്റര്‍ സൂപ്പര്‍താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ പുകഴ്ത്തിയാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്പ ലീഗില്‍ ബാഴ്‌സക്കെതിരെ നേടിയ ഗോളോടെ ഈ സീസണില്‍ 35 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ താരം അക്കൗണ്ടിലാക്കി.
ലോകകപ്പ് അവസാനിച്ചതിന് ശേഷം അഞ്ച് ലീഗുകളില്‍ നിന്ന് ഇത്ര ഗോളുകള്‍ ഒരു താരവും നേടിയിട്ടില്ലെന്നും മെസിയെ മറക്കേണ്ട സമയമായെന്നും ഇനി ബാലണ്‍ ഡി ഓര്‍ റാഷ്‌ഫോര്‍ഡ് സ്വന്തമാക്കുമെന്നും ട്വീറ്റുകളുണ്ട്.
കഴിഞ്ഞ ദിവസം ലീഡ്സിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യണൈറ്റഡ് ലീഡ്സിനെ തോല്‍പ്പിച്ചിരുന്നു. മാര്‍ക്കസ് റാഷ്ഫോര്‍ഡും അലജാന്‍ഡ്രോ ഗാര്‍നാച്ചോയുമാണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍ നേടിയത്. നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്ന യുണൈറ്റഡിനെ റാഷ്ഫോര്‍ഡ് കരക്കെത്തിക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.