| Friday, 7th October 2022, 4:48 pm

അയാൾ നിസാരക്കാരനല്ല, ഒരിക്കൽ ബാലൺ ഡി ഓർ അടിക്കുമെന്നുറപ്പ്; യുണൈറ്റഡ് സൂപ്പർതാരത്തെ പുകഴ്ത്തി ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന യുവേഫ യൂറോപ ലീഗ് മത്സരത്തിൽ ഒമോണിയക്കെതിരെ തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുത്തത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് യുണൈറ്റഡ് ഒമോണിയയെ കീഴ്‌പ്പെടുത്തുകയായിരുന്നു. കരുത്തരായ എതിരാളികളോട് ശക്തമായ പോരെടുത്താണ് ടെൻ ഹാഗ് സഖ്യം വിജയക്കൊടി നാട്ടിയത്.

മത്സരത്തിൽ ആന്തണി മാർഷലിന്റെ പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. താരത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. യുണൈറ്റഡിന്റെ അഡാർ തിരിച്ചുവരവിൽ പ്രധാന പങ്കുവഹിച്ചത് മാർഷൽ ആണെന്നും അദ്ദേഹം ഒരു ബാലൺ ഡി ഓർ പുരസ്‌കാര ജേതാവാകാൻ അർഹനാണെന്നുമാണ് യുണൈറ്റഡ് ആരാധകർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.

ടീമിനെ പിന്തുണച്ച് കൊണ്ട് യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗ് തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. മത്സരത്തിൽ പഴയ ഫോമിലേക്ക് തിരിച്ചെത്താൻ താരങ്ങൾ നന്നായി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടെന്നും വിജയം കാണാൻ കളിക്കാരെടുത്ത മെന്റാലിറ്റി അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പിന്നിലായതിന് ശേഷമാണ് മാഞ്ചസ്റ്റർ തിരിച്ചുവന്നത്. മത്സരത്തിന്റെ 34ാം മിനിട്ടിൽ തന്നെ ഒമോണിയ താരം കരീം അൻസാരിഫാർദ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ചിരുന്നു. ഹാഫ് ടൈമിൽ 1-0 എന്ന നിലയിൽ പിന്നിലായിരുന്നു റെഡ് ഡെവിൾസ്.

എന്നാൽ രണ്ടാം പകുതിയിൽ പുതിയ തന്ത്രങ്ങളുമായെത്തിയ മാഞ്ചസ്റ്റർ കളിയിലേക്ക് തിരിച്ചുവന്നു. 53ാം മിനിട്ടിൽ റാഷ്ഫോർഡ് തുടങ്ങിവെച്ച ഗോളടിയിൽ 63ാം മിനിട്ടിൽ ആന്തണിയും പങ്കാളിയായി.

മത്സരത്തിന് പിന്നാലെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നിലനിർത്താനും മാഞ്ചസ്റ്ററിനായി. മൂന്ന് മത്സരത്തിൽ രണ്ട് ജയും ഒരു തോൽവിയുമാണ് റെഡ് ഡെവിൾസിനുള്ളത്.

കളിച്ച മൂന്നിലും ജയിച്ച റയൽ സോസിഡാഡാണ് ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാർ.

യൂറോപ്പ ലീഗിൽ ഒക്ടോബർ 14നാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. ഒമോണിയ തന്നെയാണ് എതിരാളികൾ.

Content Highlights: Fans praise Manchester United player

We use cookies to give you the best possible experience. Learn more