ഫ്രഞ്ച് ലീഗ് വണ്ണില്‍ എയ്‌ഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി.യുടെ ജയം. കിലിയന്‍ എംബാപ്പെയാണ് പി.എസ്.ജിക്കായി രണ്ട് ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ മെസിയുടെ തകര്‍പ്പന്‍ അസിസ്റ്റിലൂടെയാണ് എംബാപ്പെ പന്ത് വലയിലെത്തിച്ചത്.
ഇതോടെ ഫ്രഞ്ച് ലീഗില്‍ 15 ഗോളുകളും 15 അസിസ്റ്റുകളും പൂര്‍ത്തിയാക്കുന്ന താരമെന്ന ഖ്യാതി മെസി സ്വന്തമാക്കി. ലീഗ് വണ്ണിന്റെ ചരിത്രത്തില്‍ മൂന്നാമത്തെ താരമാണ് ഒരു സീസണില്‍ 15 ഗോളുകളും 15 അസിസ്റ്റുകളും പൂര്‍ത്തിയാക്കുന്നത്. ഹസാര്‍ഡും എംബാപ്പെയുമാണ് ഈ നേട്ടം പേരിലാക്കിയ മറ്റ് രണ്ട് താരങ്ങള്‍.
ഇതിനുപുറമെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളില്‍ കളിക്കുന്ന താരങ്ങളില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തങ്ങള്‍ വഹിച്ച താരമെന്ന റെക്കോഡും മെസി സ്വന്തമാക്കിയിരിക്കുകയാണ്.
📲 | فابيان رويز عبر IG pic.twitter.com/uWGpgIJ90Y
— Messi Xtra (@M30Xtra) April 21, 2023
രാജ്യാന്തര മത്സരങ്ങളിലും ക്ലബ്ബ് ഫുട്‌ബോളിലുമായി ആകെ 60 ഗോളുകളിലാണ് മെസി പങ്കാളിത്തം വഹിച്ചിരിക്കുന്നത്. മെസിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
അസിസ്റ്റുകളുടെ രാജാവാണ് മെസിയെന്നും യുവതാരങ്ങളെ കവച്ചുവെക്കുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും ആരാധകരില്‍ ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. മെസിയുടെ എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ ലോഡിങ് ആണെന്നും പ്രായത്തെ മറികടക്കുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നതെന്നും ട്വീറ്റുകളുണ്ട്.
അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്‌ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. പി.എസ്.ജിയുമായുള്ള കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബുമായി കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തന്റെ തീരുമാനം അറിയിച്ചിട്ടില്ല.
📱| الأسطورة ميسي عبر IG pic.twitter.com/V6e7i0qPPR
— Messi Xtra (@M30Xtra) April 21, 2023
മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണ എഫ്.സിയിലേക്ക് തിരികെ പോകുന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനിടെ താരത്തെ സ്വന്തമാക്കാന്‍ ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റര്‍ മിയാമി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലീഗ് വണ്ണില്‍ 32 മത്സരങ്ങളില്‍ 24 ജയവും 75 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഏപ്രിൽ 30ന് ലോറിയെന്റിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: Fans praise Lionel Messi for his outstanding assist against Angers in Ligue 1