'എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ മാത്രമല്ല, ഈ പോക്ക് പോയാല്‍ ഒമ്പതാമത്തെ പുരസ്‌കാരവും മെസിക്ക് തന്നെ'
Football
'എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ മാത്രമല്ല, ഈ പോക്ക് പോയാല്‍ ഒമ്പതാമത്തെ പുരസ്‌കാരവും മെസിക്ക് തന്നെ'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th October 2023, 12:31 pm

ഫിഫ ലോകകപ്പ് 2026ലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ഇന്ന് അര്‍ജന്റീന പെറുവുമായി ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. ഇതിഹാസ താരം ലയണല്‍ മെസിയാണ് അര്‍ജന്റീനക്കായി രണ്ട് ഗോളുകളും നേടിയത്.

മത്സരത്തിന്റെ 32ാം മിനിട്ടിലാണ് മെസി ആദ്യ ഗോള്‍ നേടി അര്‍ജന്റീനക്കായി ലീഡ് എടുത്തത്. 42ാം മിനിട്ടിലാണ് താരത്തിന്റെ രണ്ടാം ഗോള്‍ പിറക്കുന്നത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മെസി പെറുവിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവനില്‍ തന്നെ കളത്തിലിറങ്ങിയിരുന്നു. മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

2022ലെ ബാലണ്‍ ഡി ഓറിന് മെസി അര്‍ഹനായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സ്പാനിഷ് മീഡിയയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനൊ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കാനിരുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് ആരെന്ന കാര്യത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നുമുണ്ടായിട്ടില്ലെങ്കിലും മെസി അവാര്‍ഡിന് അര്‍ഹനായിരിക്കുന്നുവെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ പെറുവിനെതിരെയുള്ള താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ 2026 ലോകകപ്പിലും മെസി കിരീടമുയര്‍ത്തുമെന്നും ഒമ്പതാമത്തെ ബാലണ്‍ ഡി ഓറും താരം സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എക്കാലത്തെയും മികച്ച താരമായ മെസി പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണെന്നും ആരാധകരുടെ അഭിപ്രായങ്ങളുണ്ട്.

അതേസമയം, അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തുവെന്ന ഡാരിയോ സ്പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ച് പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ.

മെസി എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരിക്കുന്നു എന്ന് ഡിയാരോ സ്പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് എന്നാണ് റൊമാനോ മെസിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എന്നാല്‍ ബാലണ്‍ ഡി ഓറിനെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെന്നും സ്പാനിഷ് മീഡിയയില്‍ നിന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന ഘട്ട പട്ടികയില്‍ 30 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.

അര്‍ജന്റൈന്‍ നായകന് ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Fans praise Lionel Messi after the win against Peru in World Cup qualifiers