| Thursday, 24th August 2023, 9:40 am

'അദ്ദേഹം ഇന്റര്‍ മയാമിയെ തോല്‍ക്കാന്‍ അനുവദിക്കില്ല'; 'ലോകകപ്പിന് സമാനമായ പ്രകടനം'; ഇതിഹാസത്തെ പുകഴ്ത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

യു.എസ്.ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ സിന്‍സിനാറ്റിയെ കീഴ്‌പ്പെടുത്തി ഇന്റര്‍ മയാമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. സിന്‍സിനാറ്റിയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് മയാമിയുടെ ജയം. ഗോളടിച്ചില്ലെങ്കിലും രണ്ട് നിര്‍ണായക ഗോളുകള്‍ക്ക് വഴിയൊരുക്കി മത്സരത്തില്‍ മെസി തിളങ്ങിയിരുന്നു. ഒരാഴ്ചക്കിടെ മയാമിയെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ച് കയ്യടി നേടിയിരിക്കുകയാണ് താരം.

മത്സരത്തിന് ശേഷം മെസിയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. മെസി ഒരിക്കലും മയാമിയെ തോല്‍ക്കാന്‍ അനുവദിക്കില്ലെന്നും ലോകകപ്പില്‍ കാഴ്ചവെച്ചതിന് സമാനമായ പ്രകടനമാണ് മെസി ഇന്റര്‍ മയാമിയില്‍ കാഴ്ചവെക്കുന്നതെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ വിജയിച്ചതോടെ മെസിയെത്തിയ ശേഷം തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും മയാമി നിലനിര്‍ത്തി.

സിന്‍സിനാറ്റിക്കെതിരായ മത്സരത്തില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 3-3 സമനിലയായ മത്സരത്തിനൊടുവിലായിരുന്നു ഷൂട്ടൗട്ടില്‍ മയാമിയുടെ തകര്‍പ്പന്‍ ജയം. മയാമിയുടെ ആദ്യ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസിയുടെ പാസുകളായിരുന്നു. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പിന്നിലായിരുന്നു. തുടര്‍ന്ന് മെസിയുടെ രണ്ട് അസിസ്റ്റുകളും കംപാനയുടെ ഇരട്ട ഗോളുകളും രക്ഷക്കെത്തുകയായിരുന്നു.

മത്സരത്തിന്റെ 18ാം മിനിട്ടില്‍ ലൂസിയാനോ അക്കോസ്റ്റയിലൂടെ സിന്‍സിനാറ്റി ആദ്യം ലീഡെടുത്തിരുന്നു. ആദ്യ പകുതിയില്‍ സിന്‍സിനാറ്റി ഒരു ഗോള്‍ ലീഡുമായി കളം വിട്ടു. രണ്ടാം പകുതിയുടെ 53ാം മിനിട്ടില്‍ ബ്രാണ്ടന്‍ വാസ്‌ക്വസിലൂടെ സിന്‍സിനാറ്റി ലീഡുയര്‍ത്തിയതോടെ മയാമി തോല്‍വിയുടെ വക്കിലെത്തി.

എന്നാല്‍ 68ാം മിനിട്ടില്‍ ഇന്റര്‍ മയാമി ലിയാനാര്‍ഡോ കംപാനയിലൂടെ ഒരു ഗോള്‍ മടക്കിയതോടെ കളിയുടെ ഗതി മാറി. കളി തീരാന്‍ മിനിട്ടുകള്‍ ബാക്കിയിരിക്കെ ജോസഫ് മാര്‍ട്ടിനെസിലൂടെ രണ്ടാം ഗോളും നേടി കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. അധിക സമയത്ത് ഒരിക്കല്‍ കൂടി പന്ത് വലയിലെത്തിച്ച് കംപാന മയാമിയെ മുന്നിലെത്തിച്ചു. എന്നാല്‍ 114ാം മിനിട്ടില്‍ യൂയ കുബോയിലൂടെ സിന്‍സിനാറ്റി സമനില പിടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടില്‍ മയാമിയുടെ ആദ്യ കിക്കെടുത്ത മെസി ഗോളാക്കി മാറ്റിയപ്പോള്‍ സിന്‍സിനാറ്റിയുടെ അവസാന കിക്കെടുത്ത നിക്ക് ഹാഗുല്‍ന്‍ഡിന് പിഴച്ചതോടെ മയാമി അവിശ്വസനീയ ജയവും ഫൈനല്‍ ബെര്‍ത്തും പിടിച്ചെടുത്തു.

Content Highlights: Fans praise Lionel Messi after the win against Cincinnati in US Open Cup Semi Final

We use cookies to give you the best possible experience. Learn more