സാന്തിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഡി ബ്രൂയിനും ഗുണ്ടോവാനും കാഴ്ചവെച്ചത്. മത്സരത്തിന് ശേഷം ഇരുവരെയും വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകാണ് ആരാധകര്‍.
ഗുണ്ടോവാനും കെവിനും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സേര്‍ട്ടിഫൈഡ് ഇതിഹാസങ്ങളാണെന്ന് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. കെവിന്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്നും മികച്ച മിഡ് ഫീല്‍ഡറുമാണെന്നും ട്വീറ്റുകളുണ്ട്. ഡി ബ്രൂയിന്‍ ബാലണ്‍ ഡി ഓറിന് അര്‍ഹനാകണമെന്നും ആരാധകര്‍ കുറിച്ചു.
അതേസമയം മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡി ബ്രൂയിനിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ കോര്‍ട്ടോ തടഞ്ഞിരുന്നു. തുടര്‍ന്നാണ് 67ാം മിനിട്ടില്‍ സിറ്റിക്കായി ആശ്വാസ ഗോള്‍ നേടുന്നത്. രണ്ടാം പാദത്തിന്റെ അവസാനം വരെ ഇരുടീമുകളും ജയത്തിനായി പൊരുതിയെങ്കിലും ഗോളാക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.
78ാം മിനിട്ടില്‍ ടോണി ക്രൂസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ബെന്‍സെമയുടെ ഹെഡര്‍ എഡേഴ്‌സണ്‍ തടഞ്ഞിരുന്നു. അവസാന നിമിഷം ലോസ് ബ്ലാങ്കോസ് അസെന്‍സിയോയെയും ചൗമേനിയെയും കളത്തിലിറക്കിയെങ്കിലും ഫലുണ്ടായില്ല. അന്തിമ വിസിലിന് സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ചൗമേനി ഗോള്‍ വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മികച്ച സേവിലൂടെ വിഫലമാക്കി.
മെയ് 18ന് ഇത്തിഹാദില്‍ വെച്ചാണ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിക്കാനായാല്‍ മാത്രമെ റയല്‍ മാഡ്രിഡിന് ഫൈനലില്‍ ഇടം നേടാനാകൂ.