ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റയല്‍ മാഡ്രിഡ് കാഴ്ചവെച്ചത്. വല്ലഡോലിഡിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് കീഴപ്പെടുത്തി മത്സരത്തില്‍ വിജയിക്കാന്‍ റയലിന് സാധിച്ചിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയുമായുള്ള അകലം 12 പോയിന്റാക്കി കുറക്കാന്‍ ലോസ് ബ്ലാങ്കോസിനായി.
ഹാട്രിക്കുമായി കരിം ബെന്‍സെമ തിളങ്ങിയ മത്സരത്തിന്റെ 22ാം മിനിട്ടില്‍ റോഡ്രിഗോയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ബെന്‍സെമയുടെ മിന്നലാട്ടമാണ് കാണാനായത്. ഏഴ് മിനിട്ടിലാണ് താരം ഹാട്രിക് പൂര്‍ത്തിയാക്കിയത്.
കളിയുടെ 29, 32, 36 മിനിട്ടുകളിലായിരുന്നു ബെന്‍സെമ വല്ലഡോലിഡിന്റെ വല കുലുക്കിയത്. ഇതോടെ ഈ സീസണില്‍ നാല് ലാ ലിഗയടക്കം 30 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ അക്കൗണ്ടിലാക്കാന്‍ താരത്തിന് സാധിച്ചു.
🚨 EDEN HAZARD SIGHTING 🚨
The Belgian assisted Real Madrid’s sixth goal in his first La Liga appearance since September 👋 pic.twitter.com/67EQfkIHju
മത്സരത്തിന് ശേഷം ബെന്‍സെമയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലെഗസി മറികടക്കാന്‍ താരത്തിനായെന്നും ലാ ലിഗയില്‍ ലയണല്‍ മെസിയുടെ റെക്കോഡുകളും ബെന്‍സെമ തകര്‍ക്കുകയാണെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു. ഈ പ്രായത്തിലും തകര്‍പ്പന്‍ ഫോമിലാണ് ബെന്‍സെമയെന്നും മെസിയെയും റോണോയെയും പിന്നിലാക്കി ഇനിയിവിടെ ബെന്‍സെമ വാഴുമെന്നും ട്വീറ്റുകളുണ്ട്.
അതേസമയം പതിവില്‍ നിന്ന് വ്യത്യസ്തമായാണ് ആന്‍സലോട്ടി ടീമിനെ ഒരുക്കിയത്. ചൗമേനിയും ക്രൂസും ചേര്‍ന്ന് മധ്യ നിരക്ക് മുന്നില്‍ വിനിഷ്യസും റോഡ്രിഗോയും അസെന്‍സിയോയും ബെന്‍സെമക്കൊപ്പം തുണയായെത്തി.
മാര്‍ക്കോ അസെന്‍സിയോയും ലൂക്കാസ് വസ്‌ക്വേസുമാണ് റയലിനായി ഗോള്‍ നേടിയ മറ്റുതാരങ്ങള്‍. മത്സരത്തിന്റെ 73ാം മിനിട്ടിലാണ് അസെന്‍സിയോ ഗോള്‍ നേടി റയലിന്റെ സ്‌കോര്‍ നില 5-0 ആയി ഉയര്‍ത്തിയത്.
ഇഞ്ച്വറി ടൈമില്‍ വസ്‌ക്വേസിന്റെ ഗോളോടെ വല്ലഡോലിഡിനെ നിലംപരിശാക്കി ആന്‍സലോട്ടിയും സംഘവും തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു.
ഏപ്രില്‍ ആറിന് ബാഴ്‌സലോണക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.