| Sunday, 8th October 2023, 5:24 pm

കളിച്ചത് 10 മാച്ച്; തകര്‍ത്തത് ക്രിസ്റ്റ്യാനോയുടെ റെക്കോഡ്; റയലില്‍ ചരിത്രം കുറിച്ച് ബെല്ലിങ്ഹാം

സ്പോര്‍ട്സ് ഡെസ്‌ക്

റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്‌ഹാം മിന്നും ഫോമിലാണ്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ്‌ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഒസാസുനയെ തോൽപ്പിച്ചിരുന്നു.

മത്സരത്തിൽ ഇരട്ടഗോൾ നേടി മിന്നും പ്രകടനമാണ് ജൂഡ് കാഴ്ചവെച്ചത്. മത്സരത്തിന്റെ ഒൻപതാം മിനിട്ടിലും 54ാം മിനിട്ടിലും ആയിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്. ബ്രസീലിയൻ താരം വിനീഷ്യസും, ജൊസേലുവുമാണ് മറ്റ് സ്‌കോറർമാർ. ജയത്തോടെ ഒന്നാം സ്ഥാനം നിലനിർത്താനും ലോസ് ബ്ലാങ്കോസിന് സാധിച്ചു.

മത്സരത്തിലെ ഇരട്ട ഗോളിലൂടെ ബെല്ലിങ്‌ഹാം പുതിയ നാഴിക കല്ലിലേക്കും കാലെടുത്തുവെച്ചു. റയലിന് വേണ്ടി ആദ്യ പത്ത് മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിക്കൊണ്ടാണ് താരം നേട്ടത്തിലെത്തിയത്.

റയലിന്റെ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡാണ് ഈ 20കാരൻ മറികടന്നത്. റൊണാൾഡോ റയലിനായി ആദ്യ പത്ത് മത്സരങ്ങളിൽ നിന്നും 11 ഗോളുകളാണ് നേടിയത്. ഈ റെക്കോഡാണ് ജൂഡ് പഴംകഥയാക്കിയത്.

മത്സരശേഷം ബെല്ലിങ്‌ഹാമിനെ മികച്ച പ്രകടനങ്ങളെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നു.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും 89 മില്യൺ പൗണ്ടിനാണ് റയൽ ഇംഗ്ലീഷ് താരത്തെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. ജൂഡ് ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലും റയലിന് വേണ്ടി ഗോളുകളും അസിസ്റ്റുകളുമായി മിന്നിനിൽക്കുകയാണ്.

വരും മത്സരങ്ങളിൽ നിന്നും താരത്തിന്റെ കാലുകളിൽ നിന്നും മിന്നും പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഒക്ടോബർ 21ന് സെവിയ്യക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം. സെവിയ്യ ഹോം ഗ്രൗണ്ട് റാമൺ സാഞ്ചസ് പിസ്ജുവാൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Fans praise Jude Bellingham as the next Ronaldo.

We use cookies to give you the best possible experience. Learn more