Football
'ലോകത്തിലെ ഏറ്റവും മികച്ച സഖ്യം'; അല്‍ നസറിനായി നിറഞ്ഞാടി മാനെയും ക്രിസ്റ്റ്യാനോയും
സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ ഫതാഹിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ ഹാട്രിക് നേട്ടത്തോടെ തിളങ്ങാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. റോണോക്ക് പുറമെ സാദിയോ മാനെയും ഇരട്ട ഗോളുകളുമായി മത്സരത്തില്‍ തിളങ്ങി.
മത്സരത്തിന് ശേഷം നിരവധിയാളുകളാണ് ക്രിസ്റ്റ്യാനോയെയും മാനെയെയും പ്രശംസിച്ച് രംഗത്തെത്തിയത്. മാനെയും റോണോയും ലോകത്തിലെ ഏറ്റവും മികച്ച സഖ്യമാണെന്നാണ് മത്സര ശേഷം ആരാധകരില്‍ ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.
റോണോയെ സ്വന്തമാക്കിയതിന് ശേഷം അല്‍ നസറില്‍ നടന്ന വമ്പന്‍ സൈനിങ്ങായിരുന്നു മാനെയുടേത്. അല്‍ നസറിന്റെയും സൗദി പ്രോ ലീഗിന്റെയും പുരോഗതിക്ക് ഇരു താരങ്ങളും സഹായിച്ചേക്കും എന്ന ലക്ഷ്യത്തോടെയാണ് ഇരു താരങ്ങളെയും വലിയ തുക മുടക്കി ക്ലബ്ബ് സ്വന്തമാക്കിയത്. മാനേജ്‌മെന്റിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നതും.
ഫതാഹിന്റെ ഹോം ഗ്രൗണ്ടായ പ്രിന്‍സ് അബ്ദുല്ല ബിന്‍ ജലാവി സ്റ്റേഡിയത്തിലായിരുന്നു മത്സരം. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ കണ്ടെത്താനാകാത്ത റൊണാള്‍ഡോയുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് കഴിഞ്ഞ ദിവസം കണ്ടത്. മത്സരത്തിന് ശേഷം നിരവധിയാളുകളാണ് റോണോയെ പ്രശംസിച്ച് രംഗത്തെത്തിയത്.
കരിയറില്‍ 63ാമത്തെ ഹാട്രിക്കാണ് റോണോ പേരിലാക്കിയിരിക്കുന്നതെന്നും ഈ പ്രായത്തിലും അത്യുഗ്രന്‍ പ്രകടനം കാഴ്ചവെക്കുന്നതിനാലാണ് അദ്ദേഹത്തെ ഗോട്ട് എന്ന് വിളിക്കുന്നതെന്നും ആരധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. 38ാം വയസിലും പ്രതിഭ നഷ്ടപ്പടാത്ത കളിക്കാരനാണ് ക്രിസ്റ്റ്യാനോയെന്നും ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹമെന്നും ട്വീറ്റുകളുണ്ട്.
മത്സരത്തിന്റെ 27ാം മിനിട്ടില്‍ മാനെയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ പിറന്നത്. 38ാം മിനിട്ടില്‍ റോണോയും വല കുലുക്കി.
ഒന്നാം പകുതി അവസാനിക്കുമ്പോള്‍ അല്‍ നസര്‍ 2-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ റൊണാള്‍ഡോയും മാനെയും കൂടുതല്‍ കരുത്തോടെ ആഞ്ഞടിച്ചതോടെ അല്‍ ഫതാഹ് താരങ്ങളുടെ പ്രകടനത്തിന് മങ്ങലേറ്റു. 55ാം മിനിട്ടിലാണ് റോണോയുടെ രണ്ടാം ഗോള്‍ പിറന്നത്. 81ാം മിനിട്ടില്‍ മാനെയുടെ രണ്ടാം ഗോളും വലയിലെത്തി. ഇതോടെ അല്‍ നസര്‍ 4-0ന് മുന്നില്‍. ഇഞ്ച്വറി ടൈമില്‍ റൊണാള്‍ഡോ ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ അല്‍ നസറിന് 5-0ന്റെ ജയം സ്വന്തമാക്കി.
Content Highlights: Fans praise Cristiano Ronaldo and Sadio Mane