| Wednesday, 21st June 2023, 9:41 am

'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍'; തകര്‍പ്പന്‍ നേട്ടത്തിന് പിന്നാലെ റോണോയെ പുകഴ്ത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോ 2024 യോഗ്യതാ മത്സരത്തില്‍ ബുധനാഴ്ച ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ടീമിനായി ഗോള്‍ നേടിയത്.

അന്താരാഷ്ട്ര കരിയറില്‍ താരത്തിന്റെ 200ാമത് മത്സരമാണ് ഐസ്‌ലന്‍ഡിനെതിരെ നടന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മത്സരത്തിന് പിന്നാലെ താരത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തയിരിക്കുകയാണ് ആരാധകര്‍. കളിയുടെ 89ാം മിനിട്ടിലാണ് താരത്തിന്റെ ഗോള്‍ പിറന്നത്. തുടക്കം തൊട്ട് ശക്തമായ പോരാട്ടമായിരുന്നു ഇരു കൂട്ടരും കാഴ്ചവെച്ചിരുന്നത്.

2016ലെ യൂറോ ചാമ്പ്യന്മാരെ കളിയുടെ അവസാന പാദം വരെ ഐസ്‌ലന്‍ഡ് തളച്ചിട്ടിടത്ത് നിന്നാണ് റോണോയുടെ തകര്‍പ്പന്‍ ഗോള്‍ പിറക്കുന്നത്. റൊണാള്‍ഡോ ദൈവമാണെന്നും എക്കാലത്തെയും മികച്ച കളിക്കാരനാണ് അദ്ദേഹമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. എല്ലായിപ്പോഴും അവസാന നിമിഷത്തെ ഗോള്‍ ആസ്വദിക്കുന്നവനാണ് ക്രിസ്റ്റിയാനോയെന്നും ഇനിയിമിതുപോലെ ത്രസിപ്പിക്കുന്ന ഗോളുകള്‍ പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റുകളുണ്ട്.

അതേസമയം, അഞ്ച് ബാലണ്‍ ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഗിന്നസ് റെക്കോഡിനും അര്‍ഹനായിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്ബോളില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് താരത്തെ തേടി ഗിന്നസ് റെക്കോഡ് എത്തിയിരിക്കുന്നത്.

ആധുനിക ഫുട്ബോളില്‍ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളാണ് താരം. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം 200 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 122 ഗോളുകളാണ് അക്കൗണ്ടിലാക്കിയിരിക്കുന്നത്.

പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷനും പരിശീലകനും തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നത്രയും കാലം താന്‍ നാഷണല്‍ ജേഴ്സിയില്‍ തുടരുമെന്നാണ് ഗിന്നസ് നേട്ടത്തിന് ശേഷം റോണോ പറഞ്ഞത്. ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത് കരിയറിലെ ഏറ്റവും മഹത്തരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2003ല്‍ തന്റെ 18ാം വയസിലാണ് റോണോ അന്താരാഷ്ട്ര ജേഴ്സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2016ല്‍ രാജ്യത്തിനായി യൂറോ കപ്പുയര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലും ചാമ്പ്യന്മാരാകാനാകുമെന്ന പ്രതീക്ഷയിലാണ് ടീം പോര്‍ച്ചുഗല്‍.

Content Highlights: Fans praise Cristiano Ronaldo after the win against Iceland in Euro 2024 qualifiers

We use cookies to give you the best possible experience. Learn more