സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ തായിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം.
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാഴ്ചവെച്ചത്. അല്‍ നസറിനായി റൊണാള്‍ഡോയും ടലിസ്‌കയുമാണ് ഓരോ ഗോള്‍ വീതം നേടി.
മത്സരത്തിന് ശേഷം റോണോയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റെക്കോഡ് ഗോള്‍വേട്ടക്കാരനായ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് ദിനങ്ങളില്‍ തന്നെ ഗോളടിച്ചുകൂട്ടുകയാണെന്ന് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
വിമര്‍ശിച്ചവര്‍ക്കുള്ള പ്രതികാരമാണ് റൊണാള്‍ഡോയുടെ പ്രകടനമെന്നും ഗോട്ട് ഫോമിലേക്ക് തിരിച്ചെത്തിയെന്നും ട്വീറ്റകളുണ്ട്.
അതേസമയം, റൊണാള്‍ഡോയുടെ പെര്‍ഫോമന്‍സിന് പിന്നാലെ താരത്തെ പ്രശംസിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനും രംഗത്തെത്തിയിരുന്നു.
റോണോയെ സൈന്‍ ചെയ്തിരുന്നെങ്കില്‍ ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം എളുപ്പം നേടാനാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടപ്പോള്‍ അദ്ദേഹത്തിന് ആഴ്‌സണലുമായി സൈനിങ് നടത്താന്‍ താത്പര്യം ഉണ്ടെന്നും മോര്‍ഗന്‍ പറഞ്ഞു.
സൗദി പ്രോ ലീഗില്‍ ഇതുവരെ നടന്ന 27 മത്സരങ്ങളില്‍ നിന്ന് 18 ജയവും 60 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.
മെയ് 24ന് അല്‍ ശബാബിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlights: Fans praise Cristiano Ronaldo after the win against Al-Tai in Saudi Pro League