സൗദി പ്രോ ലീഗില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ ഷബാബുമായി നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത റോണോയുടെ ഗോളിലൂടെയായിരുന്നു അല്‍ ആലാമി ജയമുറപ്പിച്ചത്. താരത്തിന് പുറമെ ടലിസ്‌കയും അബ്ദുല്‍ റഹ്‌മാന്‍ ഗരീബും അല്‍ നസറിനായി ഓരോ ഗോള്‍ വീതം നേടി.
മത്സരത്തിന് പിന്നാലെ റോണോയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ‘അതി മനോഹര ഗോളിലൂടെ ഹേറ്റേഴ്‌സിന്റെ വായടപ്പിച്ചു’ താരത്തെ പ്രശംസിച്ച് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. ‘റോണോയെ ആരാധിക്കൂ, അദ്ദേഹം ഫുട്‌ബോള്‍ ദൈവമാണ്’ എന്നും ട്വീറ്റുകളുണ്ട്.
Mission’s done at our home ✅
Starting preparation for the upcoming game in Dammam 🙏
മത്സരത്തിന്റെ 25ാം മിനിട്ടില്‍ അല്‍ ഷബാബ് താരം ക്രിസ്റ്റിയന്‍ ഗ്വാന്‍സ ആദ്യ ഗോള്‍ നേടുകയായിരുന്നു. 40ാം മിനിട്ടില്‍ ഗ്വാന്‍സയുടെ രണ്ടാം ഗോള്‍ പിറന്നപ്പോഴും അല്‍ നസറിന് ലക്ഷ്യം കാണാനായിരുന്നില്ല. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ടലിസ്‌ക അല്‍ ആലാമിക്കായി ആശ്വാസ ഗോള്‍ നേടി. പെനാല്‍ട്ടി ഏരിയയില്‍ നിന്നായിരുന്നു ടലിസ്‌കയുടെ ഗോള്‍ പിറന്നത്.
വാശിയേറിയ പോരാട്ടത്തിന്റെ 51ാം മിനിട്ടില്‍ ഗരീബിന്റെ ഗോള്‍ ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ സമനിലയിലായി. മത്സരത്തിലുടനീളം മികവ് പുലര്‍ത്തിയ 38കാരനായ പോര്‍ച്ചുഗല്‍ ഇതിഹാസം തന്റെ മുഴുവന്‍ കരുത്തും പുറത്തെടുത്ത് 59ാം മിനിട്ടില്‍ ഗോള്‍ അല്‍ ഷബാബ് വലയിലെത്തിച്ചു ഇതോടെ മത്സരം 3-2 എന്ന നിലയിലായി.
ഇതോടെ അല്‍ നസറിനായി നേടിയ ആകെ ഗോളുകളുടെ എണ്ണം 14 ആക്കി ഉയര്‍ത്താന്‍ റോണോക്ക് സാധിച്ചു. ഇതിനുപുറമെ രണ്ട് അസിസ്റ്റുകളുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
ഇതുവരെ കളിച്ച 28 മത്സരങ്ങളില്‍ നിന്ന് 19 ജയവും മൂന്ന് തോല്‍വിയുമായി 63 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 20 ജയവുമായി മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത്.
മെയ് 27ന് ഇത്തിഫാഖിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.