കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.
മത്സരത്തിന് ശേഷം താരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ പ്രശംസിച്ച് ആരാധകര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
‘ഗോട്ട് കളത്തില്‍ തിരിച്ചെത്തി’ എന്നാണ് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ക്രിസ്റ്റ്യാനോ എന്നാല്‍ ഫുട്‌ബോള്‍ ആണെന്നും വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കൂ എന്നും റോണോയെ മെന്‍ഷന്‍ ചെയ്ത് ട്വീറ്റുകളുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.
കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ വെഹ്ദയോടാണ് അല്‍ നസര്‍ തോല്‍വി വഴങ്ങിയത്.
ഇതോടെ ടൂര്‍ണമെന്റില്‍ നിന്ന് അല്‍ നസര്‍ പുറത്തായിരുന്നു. തൊട്ടുപിന്നാലെ റൊണാള്‍ഡോയെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. താരത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് റോണോ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ കാഴ്ചവെച്ചതെന്നാണ് ആരാധകര്‍ ട്വീറ്റ് ചെയ്തത്.
അതേസമയം, സൗദി പ്രോ ലീഗില്‍ ഇതുവരെ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 17 ജയവും 56 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇതിഹാദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
Content Highlights: Fans praise Cristiano Ronaldo after the win against Al Raeda