ഇതിനൊക്കെയല്ലേ ബാലണ്‍ ഡി ഓര്‍ നല്‍കേണ്ടത്? കയ്യടി നേടി ക്രിസ്റ്റ്യാനോ
Football
ഇതിനൊക്കെയല്ലേ ബാലണ്‍ ഡി ഓര്‍ നല്‍കേണ്ടത്? കയ്യടി നേടി ക്രിസ്റ്റ്യാനോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th October 2023, 8:44 am

കഴിഞ്ഞ ദിവസം എഫ്.സി.ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ ദുഹൈലിനെതിരെ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ ഇരട്ട ഗോളുകളുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങിയിരുന്നു.

താരത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടാന്‍ റൊണാള്‍ഡോ അര്‍ഹനാണെന്നാണ് ആരാധകരില്‍ ചിലര്‍ എക്‌സില്‍ കുറിച്ചത്. ഈ പ്രായത്തിലും തകര്‍പ്പന്‍ പ്രകടനമാണ് റോണോ കാഴ്ചവെക്കുന്നതെന്നും അതിന് അര്‍ഹിച്ച അംഗീകാരം നല്‍കണമെന്നും ആരാധകര്‍ കുറിച്ചു.

മത്സരത്തിന്റെ 25ാം മിനിട്ടില്‍ ആന്‍ഡേഴ്‌സണ്‍ ടാലിസ്‌കയുടെ ഗോളിലൂടെയായിരുന്നു അല്‍ നസര്‍ ലീഡെടുത്തിരുന്നത്. ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിലായിരുന്നു ടാലിസ്‌കയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതി തുടങ്ങി 11ാം മിനിട്ടില്‍ സെനഗല്‍ താരം സാദിയോ മാനെയുടെ ഗോളിലൂടെ സെനഗല്‍ ലീഡ് വര്‍ധിപ്പിച്ചു.

മത്സരത്തിന്റെ 60ാം മിനിട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്തുനിന്ന് താരം തൊടുത്ത ഇടം കാലന്‍ ബുള്ളറ്റ് ലോങ് റേഞ്ചര്‍ അല്‍ ദുഹൈല്‍ വല കുലുക്കി. തുടര്‍ന്ന് 63, 67 മിനിട്ടുകളില്‍ ഗോള്‍ നേടി അല്‍ ദുഹൈല്‍ മിന്നിച്ചു. 81ാം മിനിട്ടില്‍ റൊണാള്‍ഡോ വീണ്ടും വല കുലുക്കി. ഹീറോയായി. അല്‍ നസര്‍ 4-2ന് മുന്നില്‍.

തുടര്‍ന്ന് നടന്ന വാശിയേറിയ പോരാട്ടത്തില്‍ അല്‍ ദുഹൈല്‍ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും അല്‍ നസറിനെ മറികടക്കാനായില്ല. റോണോയുടെ തകര്‍പ്പന്‍ ഫോമിന്റെ ബലത്തില്‍ കുതിപ്പ് തുടരുകയാണ് അല്‍ നസര്‍.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇയില്‍ കളിക്കുന്ന അല്‍ നസര്‍ നിലവില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. പെര്‍സെപോളിസ്, ഇസ്തിക് ലോല്‍ ക്ലബ്ബുകളെയാണ് അല്‍ ആലാമി മുന്‍ മത്സരങ്ങളില്‍ കീഴ്‌പ്പെടുത്തിയത്.

നവംബര്‍ ഏഴിനാണ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ ദുഹൈലിനെതിരായ രണ്ടാം പാദ പോരാട്ടമാണ് അത്.

Content Highlights: Fans praise Cristiano Ronaldo after the the win against Al Duhail