| Saturday, 18th February 2023, 7:59 am

മെസിയുടെ അസിസ്‌റ്റൊക്കെ എന്ത്? റൊണാള്‍ഡോ ഒരു പ്ലേ മേക്കര്‍ തന്നെ; അല്‍ നസറിന്റെ തകര്‍പ്പന്‍ ജയത്തിന് ശേഷം താരത്തെ പ്രശംസിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തില്‍ അല്‍ താവൂനിനെ അല്‍ നസര്‍ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ അബ്ദുല്‍ റഹ്‌മാന്‍ ഗരീബും അബ്ദുല്ലാ മാദുവുമാണ് അല്‍ നസറിനായി ഗോളുകള്‍ നേടിയത്.

എന്നാല്‍ അല്‍ ആലാമിയുടെ ജയത്തിന് ശേഷം കയ്യടി നേടിയിരിക്കുന്നത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

താരത്തിന്റെ തകര്‍പ്പന്‍ അസിസ്റ്റുകള്‍ ഗരീബും മാദുവും ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റോണോയെ വാനോളം പുകഴ്ത്തി ട്വീറ്റ് ചെയ്തിരിക്കുകയാണ് ആരാധകര്‍.

മെസിയുടെ അസിസ്റ്റുകള്‍ മാറി നില്‍ക്കുമെന്ന് റൊണാള്‍ഡോയുടെ കളി കാണേണ്ടത് തന്നെയായിരുന്നെന്നുമാണ് ആരാധകരില്‍ ചിലരുടെ ട്വീറ്റ്.

മികച്ച പ്ലേ മേക്കറാണ് റൊണാള്‍ഡോ എന്നാണ് ചിലരുടെ ട്വീറ്റുകള്‍. ഒടുവില്‍ സൂപ്പര്‍താരം തന്റെ പ്രതാപകാലത്തേക്ക് തിരികെയെത്തിയെന്നും ട്വീറ്റുകളുണ്ട്.

സൗദി പ്രോ ലീഗില്‍ മികച്ച ഫോമില്‍ തുടരുകയാണ് റൊണാള്‍ഡോ. അല്‍ താവൂനെതിരെ നടന്ന മത്സരത്തില്‍ താരത്തെ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ടാണ് റൊണാള്‍ഡോ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തിയത്.

200 മില്യണ്‍ ഡോളര്‍ നല്‍കിയാണ് താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ നസറില്‍ മികവോടെ കളിക്കുകയാണ് റൊണാള്‍ഡോ.

ഇതുവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കൂടാതെ ലീഗ് ഫുട്ബോളില്‍ 500 ഗോളുകള്‍ എന്ന നേട്ടം അല്‍ നസറില്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, ഈ വര്‍ഷം മെസി നേടിയ ഗോളുകളെക്കാള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Content Highlights: Fans praise Cristiano Ronaldo after Al Nassr’s win against Al Taawun

We use cookies to give you the best possible experience. Learn more