| Wednesday, 2nd August 2023, 6:56 pm

'അവന്‍ പോകുന്നെങ്കില്‍ പോകട്ടെ, അവനെക്കാള്‍ മികച്ച താരം ക്ലബ്ബിലുണ്ട്'; ബാഴ്‌സ താരത്തെ പ്രശംസിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണയുമായി പിരിഞ്ഞ് ഉസ്മാന്‍ ഡെംബലെ പി.എസ്.ജിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചിരിക്കുകയാണ്. താരത്തിന്റെ പെട്ടെന്നുള്ള തീരുമാനം ആരാധകരെയും ബാഴ്‌സലോണയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം എ.സി മിലാനെതിരെ നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിക്കാനായതോടെ ബാഴ്‌സലോണ താരം അന്‍സു ഫാറ്റിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. മത്സരത്തിന്റെ 55ാം മിനിട്ടിലാണ് അന്‍സുവിന്റെ ഗോള്‍ പിറന്നത്. ഇതോടെ നേരത്തെ റയല്‍ മാഡ്രിഡിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച ബാഴ്‌സക്ക് പ്രീ സീസണ്‍ ഫ്രണ്ട്‌ലി മാച്ചിലെ തങ്ങളുടെ ജയം നിലനിര്‍ത്താനായി.

ഡെംബലെയെക്കാള്‍ മികച്ച താരമാണ് ഫാറ്റിയെന്നാണ് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തത്. ഫാറ്റി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും വളരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായെന്നും ട്വീറ്റുകളുണ്ട്.

അതേസമയം, പി.എസ്.ജിയില്‍ ചേരുന്നതിനുള്ള ഡെംബലെയുടെ തീരുമാനത്തില്‍ നിരാശ രേഖപ്പെടുത്തി പരിശീലകന്‍ സാവി രംഗത്തെത്തിയിരുന്നു. പി.എസ്.ജിയുടെ ഓഫറിന് സമാനമായ തുക ബാഴ്സക്ക് തരാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെംബലെ ബ്ലൂഗ്രാനയുമായി പിരിയുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തങ്ങള്‍ക്ക് പി.എസ്.ജി മുന്നോട്ടുവെക്കുന്ന ഓഫറിനോട് മത്സരിക്കാനാകില്ലെന്നും ഡെംബലെയുടെ തീരുമാനത്തില്‍ നിരാശനാണെന്നുമാണ് സാവി പറഞ്ഞത്. പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ എ.സി മിലാനെതിരെയുള്ള സ്‌ക്വാഡില്‍ ഡെംബലെ ഉണ്ടായിരുന്നില്ല. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സാവി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ബാഴ്സ സെന്ററാണ് സാവിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘പി.എസ്.ജിയില്‍ നിന്ന് പ്രപ്പോസല്‍ വന്നിട്ടുണ്ടെന്നും ബാഴ്സലോണയുമായി പിരിയുകയുമാണെന്നാണ് ഡെംബലെ ഞങ്ങളോട് പറഞ്ഞത്. അവന് പോകാനുള്ളത് കൊണ്ട് ഇന്നത്തെ മാച്ചില്‍ കളിച്ചിരുന്നില്ല. അത് വഞ്ചനയാണ്. അവനെ മികച്ച രീതിയില്‍ ട്രീറ്റ് ചെയ്തിട്ടും ക്ലബ്ബ് വിടാനെടുത്ത തീരുമാനത്തില്‍ ഞാന്‍ നിരാശനാണ്. ഞങ്ങള്‍ക്ക് പി.എസ്.ജിയുടെ ഓഫറുമായി മത്സരിക്കാനാകില്ല,’ സാവി പറഞ്ഞു.

Content Highlights: Fans praise Ansu Fati

We use cookies to give you the best possible experience. Learn more