| Sunday, 2nd October 2022, 2:26 pm

ലോകകപ്പ് ഇങ്ങെത്തി, ബി.സി.സി.ഐ പങ്കുവെച്ച ചിത്രങ്ങളില്‍ രോഹിത് ശര്‍മയില്ല! ഞെട്ടിത്തരിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ -ദക്ഷിണാഫ്രിക്ക ടി-20 പരമ്പര ഒക്ടോബര്‍ രണ്ട് ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കും. ആദ്യ മത്സരത്തില്‍ നേടി അതേ ഡോമിനേഷന്‍ രണ്ടാം മത്സരത്തിലും ആവര്‍ത്തിച്ച് പരമ്പര പിടിച്ചടക്കാനും പലതും തെളിയിക്കാനും തന്നെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ആദ്യ ടി-20യില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ മത്സരം വിജയിച്ചത്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയും എതിരാളികളെ എറിഞ്ഞ് വീഴ്ത്തി അനായാസം വിജയം കൈപ്പിടിയിലൊതുക്കുകയുമായിരുന്നു.

എന്നാല്‍ രണ്ടാം മത്സരത്തിനൊരുങ്ങവെ ഇന്ത്യന്‍ ആരാധകര്‍ അല്‍പം പേടിയിലാണ്. രണ്ടാം ടി-20 മത്സരത്തിന് മുമ്പായി ബര്‍സാപര ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രാക്ടീസിനിറങ്ങിയ താരങ്ങളുടെ ചിത്രം ബി.സി.സി.ഐ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ഇക്കൂട്ടത്തില്‍ കാണാത്തതിന് പിന്നാലെയാണ് ആരാധകര്‍ പരിഭ്രാന്തരായിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന ചിത്രം ബി.സി.സി.ഐ പങ്കുവെച്ചപ്പോഴും രോഹിത്തിനെ കാണാതായതോടെ താരത്തിന് പരിക്കേറ്റിരിക്കുകയാണ് എന്ന അഭ്യൂഹങ്ങളും പരന്നു.

പരമ്പരയിലെ ആദ്യ ടി-20 മത്സരത്തിന് തൊട്ടുമുമ്പാണ് ജസ്പ്രീത് ബുംറക്ക് പരിക്കേറ്റതും ലോകകപ്പ് സ്‌ക്വാഡില്‍ നിന്നുപോലും പുറത്താകേണ്ടി വന്നതും. ഈ സാഹചര്യത്തില്‍ കൂടിയാണ് രോഹിത്തിന്റെ പ്രാക്ടീസ് സെഷന്റെ ചിത്രം ബി.സി.സി.ഐ പങ്കുവെക്കാത്തത് എന്നതും ആരാധകരുടെ നെഞ്ചിടിപ്പേറ്റി.

എന്നാല്‍ താരം സ്‌ക്വാഡിനൊപ്പം ഗുവാഹത്തിയിലേക്ക് സഞ്ചരിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മത്സരത്തിന് മുമ്പ് തന്നെ താരം ടീമിനൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രോഹിത്തിന് ആരോഗ്യപ്രശ്‌നളൊന്നും തന്നെയില്ലെന്നും താരം പൂര്‍ണമായും ഫിറ്റാണെന്നും അറിയിച്ചിട്ടുണ്ട്. അസമില്‍ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തിലും രോഹിത് തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ മത്സരത്തിലെ ആധികാരിക വിജയം ആവര്‍ത്തിക്കാന്‍ തന്നെയാവും ഇന്ത്യ ഒരുങ്ങുന്നത്. പേസര്‍മാരിലാണ് ഇന്ത്യ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ തന്നെയായിരുന്നു താരങ്ങള്‍. സൗത്ത് ആഫ്രിക്കന്‍ നിരയില്‍ എട്ട് വിക്കറ്റുകള്‍ വീണപ്പോള്‍ ഏഴും പിഴുതെറിഞ്ഞത് പേസര്‍മാര്‍ തന്നെയായിരുന്നു.

യുവതാരം അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലും ദീപക് ചഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന വിക്കറ്റ് വീഴത്തിയത്.

ഒക്ടോബര്‍ രണ്ട് ഞായറാഴ്ച രാത്രി 7 മണിക്കാണ് മത്സരം. പരമ്പരയിലെ മൂന്നാം ടി-20 ഒക്ടോബര്‍ നാലിന് നടക്കും.

Content Highlight: Fans panic after Rohit Sharma’s absence in pictures shared by BCCI ahead of Assam T20

Latest Stories

We use cookies to give you the best possible experience. Learn more