| Monday, 12th December 2022, 5:03 pm

അമ്പയറിന് ഭ്രാന്താ, അയാള്‍ ചതിച്ചതാ... അത് ഔട്ടൊന്നുമല്ല; പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ കട്ടക്കലിപ്പില്‍ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട് പാകിസ്ഥാന്‍ പരമ്പര അടിയറ വെച്ചിരിക്കുകയാണ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 2-0ന് പരമ്പര അടിയറ വെക്കുക മാത്രമല്ല ഈ തോല്‍വിക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പാകിസ്ഥാന്‍ പുറത്താവുകയും ചെയ്തു.

മുള്‍ട്ടാനില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ 26 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ പരാജയം. 355 റണ്‍സ് ചെയ്സ് ചെയ്തിറങ്ങിയ പാകിസ്ഥാന് 328 റണ്‍സ് മാത്രമാണ് നേടാനായത്.

ഇംഗ്ലണ്ടിന്റെ പര്യടനത്തിന് മുമ്പ് ശേഷിക്കുന്ന അഞ്ച് ടെസ്റ്റില്‍ നാലെണ്ണത്തില്‍ ജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് ചാമ്പ്യന്‍ഷിപ്പില്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പാകിസ്ഥാന്‍ തങ്ങളുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ അടിയറ വെച്ചു.

രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ ഏറെ നിര്‍ണായകമായത് സൂപ്പര്‍ താരം സൗദ് ഷക്കീലിന്റെ പുറത്താവലായിരുന്നു. ടീം സ്‌കോര്‍ 291ലും വ്യക്തിഗത സ്‌കോര്‍ 94ലും നില്‍ക്കവെയായിരുന്നു ഷക്കീല്‍ പുറത്തായത്.

ഒരുപക്ഷേ സൗദ് ഷക്കീല്‍ ക്രീസിലുണ്ടായിരുന്നുവെങ്കില്‍ പാകിസ്ഥാന് മത്സരം വിജയിക്കാനും അതുവഴി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള സാധ്യത സജീവമാക്കി നിലനിര്‍ത്താനും സാധിക്കുമായിരുന്നു.

മാര്‍ക് വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഒലി പോപ്പിന് ക്യാച്ച് നല്‍കിയാണ് ഷക്കീല്‍ പുറത്തായത്. എന്നാല്‍ ആ ക്യാച്ച് ഓലി പോപ്പ് മികച്ച രീതിയിലല്ല എടുത്തതെന്നും പന്ത് നിലത്ത് തട്ടിയിരുന്നുവെന്നും ആരാധകര്‍ ആരോപിക്കുന്നു.

ഷക്കീലിനെ പുറത്തായി അമ്പയറിന്റെ തീരുമാനത്തോടും ഇവര്‍ വിയോജിച്ചു. നിമിഷ നേരം കൊണ്ട് അമ്പയറിനെയും ഇംഗ്ലണ്ട് ടീമിനെയും വിമര്‍ശിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

ആ ക്യാച്ചിനിടെ പന്ത് നിലത്ത് തട്ടിയെന്ന അഭിപ്രായമായിരുന്നു ക്യാപ്റ്റന്‍ ബാബര്‍ അസവും പങ്കുവെച്ചത്. മത്സര ശേഷം മാധ്യമങ്ങളെ കാണവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘പന്ത് നിലത്ത് തട്ടിയതായിട്ടാണ് ഞങ്ങള്‍ക്കും തോന്നിയത്. എന്നാല്‍ പ്രൊഫഷണല്‍ എന്ന നിലയില്‍ ഞങ്ങള്‍ അമ്പയറിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു,’ എന്നാണ് ബാബര്‍ പറഞ്ഞത്.

ഡിസംബര്‍ 17നാണ് ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ച്. കറാച്ചിയാണ് വേദി.

ഇതിന് പുറമെ ഡിസംബര്‍ 27 മുതല്‍ പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് പരമ്പരയും ആരംഭിക്കുന്നുണ്ട്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Content highlight: Fans outraged on umpire’s decision to dismiss Saud Shakeel in Pak vs Eng 2nd test

We use cookies to give you the best possible experience. Learn more