ഐ.എസ്.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് നിലം തൊടാതെ പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു മോഹന്‍ ബഗാന്‍ ബ്ലാസ്റ്റേഴ്‌സിനെ ഗോള്‍ മഴയില്‍ മുക്കിക്കളഞ്ഞത്.
സൂപ്പര്‍ താരം ദിമിത്രി പെട്രറ്റോവിന്റെ ഹാട്രിക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞത്. പെട്രോറ്റോവിനൊപ്പം ജോണി കൗകോയും ലെന്നി റോഡ്രിഗസും സ്‌കോര്‍ ചെയ്തപ്പോള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മൂകമായി.
കളിയില്‍ ആദ്യം ഗോള്‍ നേടിയത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. മത്സരത്തിന്റെ ആറാം മിനിട്ടില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ വണ്ടര്‍ ബോയ് ഇവാന്‍ കലിയൂഷ്‌നിയിലൂടെയായിരുന്നു കൊമ്പന്‍മാര്‍ മുമ്പിലെത്തിയത്. ഇതോടെ കൊച്ചിയില്‍ മഞ്ഞക്കടല്‍ അലയടിക്കുകയായിരുന്നു.
എന്നാല്‍ ആ കടലിരമ്പത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ച് കൃത്യം 20ാം മിനിട്ടില്‍ മോഹന്‍ ബഗാന്‍ തിരിച്ചടിച്ചു. പിന്നീടങ്ങോട്ട് മോഹന്‍ ബഗാന്‍ കൊമ്പന്‍മാരെ അടിച്ചൊതുക്കുകയായിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ സങ്കടപ്പെടുമ്പോള്‍ ആ പരാജയം ആഘോഷിക്കുന്ന മറ്റൊരു കൂട്ടരും ഇവിടെയുണ്ട്. കേരളത്തിലെ മറ്റൊരു ടീമിന്റെ ഡൈ ഹാര്‍ഡ് ഫാന്‍സാണ് മഞ്ഞപ്പടയുടെ കണ്ണുനീര്‍ ആഘോഷിക്കുന്നത്.
ഒരു സ്ഥലത്ത് നിന്ന് രണ്ട് ഫുട്‌ബോള്‍ ടീം പിറവിയെടുത്താല്‍ അവരുടെ ആരാധകര്‍ക്ക് പരസ്പരം കണ്ടുകൂടായെന്ന് പറയുന്നത് വെറുതെയല്ല എന്നത് അന്വര്‍ത്ഥമാക്കുന്നതാണ് ഈ ഫാന്‍സ്. ദി ഗ്രേറ്റ് മാഞ്ചസ്റ്റര്‍ ഡെര്‍ബി പോലെ, മാഡ്രിഡ് നാട്ടങ്കവും ലണ്ടന്‍ നാട്ടങ്കവും പോലെ കേരളത്തിലെ രണ്ട് ടീമിന്റെ ആരാധകര്‍ പരസ്പരം കൊമ്പുകോര്‍ക്കുകയാണ്.
മലബാറിന്റെ സ്വന്തം ഗോകുലം കേരള എഫ്.സിയുടെ ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ആഘോഷമാക്കുന്നത്. മലബാറിയന്‍സ് എന്നറിയപ്പെടുന്ന ഗോകുലത്തിന്റെ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പൂണ്ടുവിളയാടുകയാണ്.
കഴിഞ്ഞയാഴ്ച കേരള വുമണ്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വനിതാ ടീമും ഗോകുലത്തിന്റെ വനിതാ ടീമും ഏറ്റുമുട്ടിയിരുന്നു. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം നടന്നത്.
കളിക്ക് മുമ്പ് തന്നെ പോര്‍വിളികളും ആവേശവുമായി ഇരു ടീമിന്റെയും ആരാധകര്‍ സോഷ്യല്‍ മീഡിയ കയ്യടക്കിയിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ക്രൗഡ് പോലെ അറ്റന്‍ഡന്‍സ് ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നില്ല. ഇക്കാരണം ചൂണ്ടിക്കാട്ടി മഞ്ഞപ്പട ഗോകുലത്തെ ചൊറിയാന്‍ ചെന്നതോടെയാണ് ഏറ്റവും പുതിയ ‘യുദ്ധത്തിന്’ തുടക്കമിട്ടത്.
എന്നാല്‍ വിട്ടുകൊടുക്കാന്‍ ഒട്ടും താത്പര്യമില്ലാതിരുന്ന മലബാറിയന്‍സ് മത്സരത്തില്‍ ഗോകുലം ബ്ലാസ്‌റ്റേഴ്‌സിനെ 6-2ന് തോല്‍പിച്ചതും, ബ്ലാസ്റ്റേഴ്‌സിനെ പോലെയല്ല തങ്ങള്‍ക്ക് കിരീടങ്ങളുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു മഞ്ഞപ്പടയുടെ വെല്ലുവിളി സ്വീകരിച്ചത്.
തുടര്‍ന്നങ്ങോട്ട് യൂറോപ്യന്‍ ഫുട്‌ബോള്‍ ആരാധകരുടേതിന് സമാനമായി ഇരുവരും തമ്മിലുള്ള തെറിവിളിയും തമ്മില്‍ത്തല്ലുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്.
കഴിഞ്ഞദിവസം ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മോഹന്‍ ബഗാനോട് തോറ്റതോടെ മലബാറിയന്‍സ് തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്നുമുണ്ട്. ഇതിന് മറുപടി നല്‍കാനുള്ള അവസരത്തിനാണ് ഇപ്പോള്‍ മഞ്ഞപ്പടയുടെ കാത്തിരിപ്പ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടക്കുന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബി പോലെ, റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മാഡ്രിഡ് നാട്ടങ്കം പോലെ ഇരു ടീമിന്റെയും മെയ്ന്‍ ടീം പരസ്പരം ഏറ്റുമുട്ടുന്ന കേരള ഡെര്‍ബിക്കാണ് മലയാളി ഫുട്‌ബോള്‍ ആരാധകര്‍ ഒന്നാകെ കാത്തിരിക്കുന്നത്.
Content highlight: Fans of Kerala Blasters and Gokulam FC clashed on social media