വ്യവസായിയായ ശരവണന്‍ അരുള്‍ നായക വേഷത്തില്‍ എത്തുന്ന ലെജന്‍ഡ് ജൂലൈ 28നാണ് തിയേറ്ററുകളില്‍ എത്തിയത്. അഞ്ച് ഭാഷകളിലായി വമ്പന്‍ റിലീസായി എത്തിയ ചിത്രത്തില്‍ അന്തരിച്ച നടന്‍ വിവേകും പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.
2019ല്‍ ഷൂട്ടിങ് തുടങ്ങിയ ലെജന്‍ഡിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം മരണപ്പെട്ടത്. ഹൃദയാഘാതം മൂലം 2021 ഏപ്രില്‍ 17 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം
തമിഴ് സിനിമാ ലോകത്തിന് ഞെട്ടലുണ്ടാക്കിയ മരണത്തിന് ശേഷം അദ്ദേഹം അഭിനയിച്ച അരമന 3 പുറത്തുവന്നിരുന്നു. ചിത്രത്തിലെ റോളിനും മികച്ച പ്രേക്ഷക പ്രശംസയായിരുന്നു ലഭിച്ചിരുന്നത്.
ലെജന്റിലെ വിവേകിന്റെ രംഗങ്ങളെല്ലാം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനായിരുന്നു വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളികള്‍ക്കിടയിലും വിവേകിന് ആരാധകരേറെയായിരുന്നു.
അതേസമയം ലെജന്റീന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിജയ് ചിത്രങ്ങളുടെയും പഴയ രജനി ചിത്രങ്ങളുടെയും ചേരുവകള്‍ നിലനില്‍ക്കുന്ന ടിപ്പിക്കല്‍ ചിത്രം എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.
ശരവണന്‍ അരുള്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ലെജന്‍ഡ്. ജെ.ഡി-ജെറിയാണ് ‘ദി ലെജന്‍ഡ്’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ശരവണന്റെ സ്വപ്ന പദ്ധതിയാണ് ഈ സിനിമ. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്.
2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത പാട്ടുകള്‍ വലിയ തരംഗമായിരുന്നു. വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ വിജയ്, സ്‌നേഹന്‍ എന്നിവരാണ് പാട്ടുകളെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിര്‍മാണവും ശരവണന്‍ തന്നെയാണ്.