2024 യൂറോ യോഗ്യത റൗണ്ട് മത്സരത്തിൽ സ്പെയിൻ സ്കോട്ലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
തോൽവിക്ക് പിന്നാലെ സ്കോട്ടിഷ് ആരാധകർ മത്സരത്തിലെ മോശം റഫറിയിങ്ങിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മത്സരത്തിൽ സ്കോട്ലാൻഡ് നേടിയ ഗോൾ അനുവദിക്കാത്തതിനെതിരെയായിരുന്നു ആരാധകരുടെ പ്രതികരണം.
മത്സരത്തിന്റെ 59ാം മിനിട്ടിലായിരുന്നു സ്‌കോട്ട് മക്‌ടോമിനയൻ ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോൾ സ്കോട്ലാൻഡിന് വേണ്ടി നേടിയത്. എന്നാൽ റഫറി വാർ പരിശോധിക്കുകയും ഈ ഗോൾ അനുവദിക്കാതിരിക്കുകയും ചെയ്തു. സ്കോട്ടിഷ് താരം ജാക്ക് ഹെൻഡ്രി ഓഫ് സൈഡ് ആയതിനാലാണ് ഗോൾ അനുവദിക്കാതിരുന്നത്.
എന്നാൽ മത്സരശേഷം ആരാധകർ ട്വിറ്ററിൽ ഈ സംഭവത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.
‘ഈ ദിവസത്തെ ഏറ്റവും വലിയ കവർച്ച’ എന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്.
‘സ്പെയിൻ ഫേവർ റഫറിമാർ’ എന്ന് മറ്റൊരു ആരധകൻ ട്വീറ്റ് ചെയ്തു.
സെവിയ്യയിലെ ലാ കാർട്ടുജ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-3-3 എന്ന ഫോർമേഷനിലായിരിന്നു സ്പാനിഷ് ടീം കളത്തിലിറങ്ങിയത്. അതേസമയം മറുഭാഗത്ത് 5-4-1 എന്ന ശൈലിയിലായിരുന്നു സ്കോട്ടിഷ് ടീം അണിനിരന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്കോട്ടിഷ് നായകൻ ആൻഡി റോബർട്‌സൺ പരിക്കേറ്റ് പുറത്തായത് സന്ദർശകർക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ ഇരു ടീമും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഇരുടീമും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു.
മത്സരത്തിന്റെ 73ാം മിനിട്ടിൽ അൽവരോ മൊറാട്ടയാണ് സ്പെയിനിന് ആദ്യ ലീഡ് നേടികൊടുത്തത്. പെനാൽട്ടി ബോക്സിലേക്ക് വന്ന ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെയാണ് താരം ഗോൾ നേടിയത്.
തുടർന്ന് 86ാം മിനിട്ടിൽ ഒയിഹാൻ സാൻസെറ്റ് ആതിഥേർക്ക് വേണ്ടി രണ്ടാം ഗോൾ നേടി. സ്കോട്ടിഷ് പ്രതിരോധത്തിലുണ്ടായ പിഴവുകൾ മുതലെടുത്ത് കൊണ്ട് പെനാൽട്ടി ബോക്സിൽ നിന്നും താരം ഗോൾ നേടുകയായിരുന്നു.
ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ 2-0ത്തിന് സ്പെയിൻ വിജയം പിടിച്ചെടുക്കുകയായിരുന്നു.
മത്സരത്തിൽ തോറ്റെങ്കിലും 15 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് തുടരാനും സ്കോട്ട്ലാൻഡിന് സാധിച്ചു.
ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്നും 4 വിജയവും ഒരു തോൽവിയുമായി 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സ്പാനിഷ് ടീം.
Content Highlight: Fans is protest through social media to a goal disallowed in Spain vs Scotland match in Euro qualifier.