| Sunday, 24th March 2024, 11:46 am

ഇന്ന് അടിയുടെ ഇടിയുടെ വെടി പൂരം, സഞ്ജുവിനെ ശരിക്കും പേടിക്കണം; ആദ്യ പന്തില്‍ സിക്സര്‍ പറത്തിയാല്‍ അത്ഭുതപ്പെടേണ്ട!

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം സ്വന്തം തട്ടകത്തില്‍ നടക്കാനിരിക്കുകയാണ്. കെ.എല്‍. രാഹുല്‍ നയിക്കുന്ന ലക്‌നൗ സൂപ്പര്‍ ജെയിന്റ് ആണ് എതിരാളികള്‍. തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ വിജയപ്രതീക്ഷയിലാണ് സഞ്ജുവും സംഘവും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കണ്ടെത്തിയ താരമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍. മികച്ച കളിക്കാരന്‍ ആണെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ സഞ്ജുവിന് കളിക്കാന്‍ സാധിച്ചിട്ടില്ല.

എന്നാലും ടീമിനായി മികച്ച ഇന്നിങ്‌സുകള്‍ താരം കളിച്ചിട്ടുണ്ട്. അടുത്തിടെ സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി താരം കരുത്ത് തെളിയിച്ചിരുന്നു. ആക്രമണ രീതിയില്‍ കളിക്കുന്ന താരം ടി-ട്വന്റി ഫോര്‍മാറ്റില്‍ അപകടകാരിയായ ബാറ്ററാണ്.

ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ സഞ്ജുവും ശക്തമായ തന്റെ ടീമും ഇറങ്ങുമ്പോള്‍ എതിരാളികള്‍ ശരിക്ക് ഭയക്കണം. രാജസ്ഥാന് വേണ്ടി താരം 2022ല്‍ 458 റണ്‍സ് നേടുകയും ടീമിനെ ഫൈനലിലേക്ക് എത്തിക്കുകയും ചെയ്തു. 2023ല്‍ 153.39 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 362 റണ്‍സും താരം നേടിയിരുന്നു. മത്സരത്തിന് മുമ്പ് താരം ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

‘ഞാന്‍ നേരിടുന്ന ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ച് മറ്റുള്ളവരെ മറികടക്കാന്‍ എല്ലായിപ്പോഴും ആഗ്രഹിക്കുന്നു, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു സിക്‌സര്‍ അടിക്കാന്‍ നമ്മള്‍ എന്തിന് 10 ബോള്‍ കാത്തിരിക്കണം, ഈ ചിന്താ പ്രക്രിയയാണ് എന്റെ ശക്തിയെ വികസിപ്പിച്ചെടുത്തത്. ഞാന്‍ വളരെ കാലമായി കഠിനാധ്വാനം ചെയ്യുന്നു. ഫലങ്ങള്‍ പോസിറ്റീവ് ആണ്, ഞാന്‍ കളിക്കുന്ന ടീമിന് വേണ്ടി ഗംഭീരമായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഞാന്‍ തൃപ്തനല്ല,’സഞ്ജു കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: യശസ്വി ജെയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മന്‍ പവല്‍, ശുഭം ദുബെ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ആബിദ് മുഷ്താഖ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍, ധ്രുവ് ജുറെല്‍, കുണാല്‍ സിങ് റാത്തോര്‍, ടോം കോലര്‍ കാഡ്മോര്‍, ഡോണോവന്‍ ഫെരേര, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്നി,കുല്‍ദീപ് സെന്‍,നാന്ദ്രേ ബര്‍ഗര്‍.

Content Highlight: Fans Hope Sanju Samson Blast Today

We use cookies to give you the best possible experience. Learn more