| Thursday, 28th September 2023, 9:00 am

'ക്രെഡിറ്റ് അന്നും ധോണിക്ക് വേണ്ട, അതിന് ഈ ചിത്രം മാത്രം മതിയെടോ' കട്ടക്കലിപ്പില്‍ തല ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസീസിന്റെ ഇന്ത്യന്‍ പര്യടനം അവസാനിച്ചിരിക്കുകയാണ്. ലോകകപ്പിന് മുമ്പ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയാണ് ഓസീസ് ഇന്ത്യയില്‍ കളിച്ചത്. പരമ്പരയില്‍ ഇന്ത്യ 2-1ന് വിജയിക്കുകയും ചെയ്തിരുന്നു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ രാജ്‌കോട്ട് ഏകദിനത്തിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ആദ്യ രണ്ട് ഏകദിനങ്ങള്‍ കളിച്ചത്.

മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യ ഇന്‍ഡോറില്‍ 99 റണ്‍സിനും വിജയിച്ചിരുന്നു. ഇതോടെ സൗരാഷ്ട്രയിലെ മൂന്നാം ഏകദിനം ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിന് മുമ്പുള്ള പ്രാക്ടീസ് മാച്ചായിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യ 66 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

ഈ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ടീം പരമ്പര നേടിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. പരമ്പരക്ക് ശേഷമുള്ള ട്രോഫി പ്രെസെന്റേഷനിടെ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ട്രോഫി ഏറ്റുവാങ്ങാന്‍ വിസ്സമതിക്കുകയും ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയെ നയിക്കുകയും പരമ്പര നേടിത്തന്ന കെ.എല്‍. രാഹുലിനെക്കൊണ്ട് ട്രോഫി വാങ്ങിപ്പിക്കുകയുമായിരുന്നു.

രോഹിത്തിന്റെ ഈ പ്രവൃത്തിക്ക് പിന്നാലെ ആരാധകരെല്ലാം തന്നെ വളരെയധികം സന്തോഷത്തിലായിരുന്നു. എന്നാല്‍ മറ്റുചില ആരാധകര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ കളിയാക്കാനായി ഈ അവസരം ഉപയോഗിക്കുകയായിരുന്നു.

രോഹിത് ഒരു വിജയത്തിന്റെയും ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കാറില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ധോണിയെ പരോക്ഷമായി കുത്തിയത്. എന്നാല്‍ എം.എസ്. ആരാധകര്‍ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനുള്ള മറുപടി അവര്‍ നല്‍കുകയും ചെയ്തിരുന്നു. ധോണിയുടെ സെല്‍ഫ്‌ലെസ് മനോഭാവത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരത്തിയാണ് ആരാധകര്‍ തങ്ങളുടെ തലയെ പ്രതിരോധിച്ചത്.

2013ലെ സെല്‍കോണ്‍ ട്രൈ സീരീസില്‍ ഇന്ത്യ വിജയിച്ചപ്പോഴുള്ള ചിത്രവും ഇതിന് ഉദാഹരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളായിരുന്നു പരമ്പരയില്‍ പങ്കെടുത്തത്. ഫൈനലില്‍ ഇന്ത്യയും ലങ്കയുമായിരുന്നു ഏറ്റുമുട്ടിയത്. പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ലങ്ക 48.5 ഓവറില്‍ 201 റണ്‍സിന് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിനറങ്ങിയ ഇന്ത്യക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഒടുവില്‍ അവസാന ഓവറില്‍ ഒറ്റ വിക്കറ്റ് മാത്രം കയ്യിലിരിക്കെ വിജയിക്കാന്‍ 15 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് സിക്‌സറും ബൗണ്ടറിയും പറത്തി ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.

വിജയിച്ചവര്‍ക്കുള്ള ട്രോഫി നല്‍കുന്നതിനിടെ ധോണി വിരാടിനെ കൂടി വിളിക്കുകയായിരുന്നു. സീരീസിലെ വിന്‍ഡീസിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ വിരാടായിരുന്നു ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ ഇന്ത്യ 102 റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ലങ്കക്കെതിരെയും വിരാട് ഇന്ത്യയെ നയിച്ചിരുന്നു. ഇതാണ് ധോണി വിരാടിനെയും ട്രോഫിയേറ്റുവാങ്ങാന്‍ ഒപ്പം കൂട്ടിയത്. ഈ ചിത്രമാണ് ധോണി ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്.

അതേസമയം, ധോണിക്ക് ശേഷം ഇന്ത്യക്ക് രോഹിത് ലോകകപ്പ് നേടിത്തരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011ന് ശേഷം ലോകകപ്പ് വീണ്ടും ഇന്ത്യയില്‍ നടക്കുന്നതിനാല്‍ ആരാധകരുടെ ആവേശവും വാനോളമാണ്.

Content highlight: Fans highlight MS Dhoni’s selfless act after India-Australia series

We use cookies to give you the best possible experience. Learn more