ട്രെന്റ് ബോള്‍ട്ട് ഒന്നുമല്ലാതായ നിമിഷം; 80 മീറ്റര്‍ പറന്നിറങ്ങിയ ക്ലാസിക് റാംപ്; വീഡിയോ
icc world cup
ട്രെന്റ് ബോള്‍ട്ട് ഒന്നുമല്ലാതായ നിമിഷം; 80 മീറ്റര്‍ പറന്നിറങ്ങിയ ക്ലാസിക് റാംപ്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th October 2023, 7:00 pm

ലോകകപ്പിന്റെ ആവേശത്തില്‍ ഇന്ത്യ ആറാടുകയാണ്. കഴിഞ്ഞ ലോകകപ്പ് സമ്മാനിച്ച ക്ലാസിക് റൈവല്‍റികളിലൊന്നിനാണ് ഉദ്ഘാടന മത്സരത്തില്‍ നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യൂസിലാനുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയത്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ ചേര്‍ന്ന് സമ്മാനിച്ചത്. എട്ട് ഓവറിന് മുമ്പ് തന്നെ ടീം സ്‌കോര്‍ 40ലെത്തിക്കാന്‍ ജോണി ബെയര്‍സ്‌റ്റോക്കും ഡേവിഡ് മലനും സാധിച്ചിരുന്നു. ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ ഡേവിഡ് മലന്‍ പുറത്തായി.

 

വണ്‍ ഡൗണായി സൂപ്പര്‍ താരം ജോ റൂട്ടാണ് ക്രീസിലെത്തിയത്. തന്റേതായ ശൈലിയില്‍ ബാറ്റ് വീശിയ റൂട്ട് സ്‌കോര്‍ ഉയര്‍ത്തി തുടങ്ങി. വമ്പന്‍ ഷോട്ടുകളൊന്നും കളിക്കാതെ റൂട്ട് സാവധാനം സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.

ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചിരുന്നില്ലെങ്കിലും തന്റേതായ ഫ്‌ളേവര്‍ മാച്ചിന് നല്‍കാന്‍ റൂട്ട് ശ്രമിച്ചിരുന്നു. അത്തരത്തില്‍ റൂട്ടിന്റെ ഒരു ഷോട്ടാണ് ചര്‍ച്ചയാകുന്നത്. സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ടിനെതിരെ കളിച്ച അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടാണ് ക്രിക്കറ്റ് ആരാധകരും ബാര്‍മി ആര്‍മിയും ആഘോഷമാക്കുന്നത്.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 12ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ക്രിക്കറ്റ് ലോകം എഴുന്നേറ്റ് നിന്ന് കയ്യടിച്ച റൂട്ടിന്റെ ഷോട്ട് പിറന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ സഹതാരമായ ബോള്‍ട്ടിന് റിവേഴ്‌സ് റാംപ്/റിവേഴ്‌സ് സ്‌കൂപ് ഷോട്ടിലൂടെ സിക്‌സറിന് പറത്തുകയായിരുന്നു. ഇന്നിങ്‌സിലെ ഏക സിക്‌സറും ഇതായിരുന്നു.

മത്സരത്തില്‍ 86 പന്തില്‍ നിന്നും 77 റണ്‍സാണ് റൂട്ട് നേടിയത്. റൂട്ടിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി.

റൂട്ടിന് പുറമെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 42 പന്തില്‍ 43 റണ്‍സാണ് ബട്‌ലര്‍ നേടിയത്. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയുമായിരുന്നു ബട്‌ലറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്‌നറും ഗ്ലെന്‍ ഫിലിപ്‌സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടും രചിന്‍ രവീന്ദ്രയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഓപ്പണര്‍ വില്‍ യങ്ങിനെ ഗോള്‍ഡന്‍ ഡക്കായി നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായെത്തിയ രചിന്‍ രവീന്ദ്രക്കൊപ്പം ഡെവോണ്‍ കോണ്‍വേ സ്‌കോര്‍ ഉയര്‍ത്തുകയാണ്. നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലാന്‍ഡ് 73 റണ്‍സിന് ഒന്ന് എന്ന നിലയിലാണ്. 27 പന്തില്‍ 33 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയും 26 പന്തില്‍ 39 റണ്‍സ് നേടി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.

 

Content Highlight: Fans goes crazy after Joe Root’s classic shot