| Sunday, 2nd October 2022, 12:09 pm

ഒന്നുകില്‍ ഉണ്ടെന്ന് പറ, അല്ലേല്‍ ഇല്ലെന്ന് പറ, ഇതെന്തോന്ന്; ബി.സി.സി.ഐയോടും കോച്ചിനോടും കടുപ്പിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കിന്റെ പിടിയിലായിരിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടി20 ലോകകപ്പ് ടീമിലുണ്ടാകില്ലെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍, ബി.സി.സി.ഐയുടെയും മറ്റും ഔദ്യോഗിക പ്രസ്താവനകള്‍ കേട്ട് തല പെരുത്തിരിക്കുകയാണ് ആരാധകര്‍.

നിലവില്‍ ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയില്‍ നിന്ന് മാത്രമേ ബുംറെയ ഒഴിവാക്കിയിട്ടുള്ളു എന്നാണ് ഔദ്യോഗിക പക്ഷം. എന്നാല്‍, ബുംറ ലോകകപ്പിലുണ്ടാകുമോ എന്നതിന് കുറിച്ച് വ്യക്തമായ മറുപടികള്‍ പറയുന്നുമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ കലിപ്പ് കമന്റുമായി സോഷ്യല്‍ മീഡിയയിലെത്തുന്നത്.

വിഷയവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഇന്ത്യയുടെ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞ മറുപടിയാണ് ഇവര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.

‘ദക്ഷിണാഫ്രിക്കയുമായുള്ള സീരിസില്‍ നിന്ന് മാത്രമേ ബുംറയെ ഒഴിവാക്കിയിട്ടുള്ളു. ഇപ്പോള്‍ എന്‍.സി.എയിലാണ് അദ്ദേഹം. അടുത്ത കാര്യങ്ങള്‍ തീരുമാനിക്കണമെങ്കില്‍, ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കണം. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഞങ്ങള്‍.

അതുകൊണ്ട് തന്നെ നിലവില്‍ അവനെ ഈ സീരിസില്‍ നിന്ന് മാത്രമേ മാറ്റി നിര്‍ത്തിയിട്ടുള്ളു. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാനാകുമെന്ന് കരുതുന്നു. എന്തെങ്കിലും ഔദ്യോഗിക വിവരങ്ങള്‍ കിട്ടിയാലേ ഞങ്ങള്‍ക്കും നിങ്ങളോടും ഷെയര്‍ ചെയ്യാനാകൂ,’ ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഗാംഗുലിയും സമാനമായ പ്രസ്താവനയായിരുന്നു നടത്തിയത്. ‘ബുംറയെ ലോകകപ്പില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നമ്മളെല്ലാവരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. അദ്ദേഹത്തെ ഇപ്പോഴേ ലോകകപ്പിന് പുറത്തേക്ക് എഴുതിത്തള്ളാറായിട്ടില്ല. രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ തീരുമാനമുണ്ടാകും,’ എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍.

ഈ വാക്കുകള്‍ മതിയായ പ്രതികരണമാകുന്നില്ലെന്നും ബുംറ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ലഭിക്കണമെന്നുമാണ് ഒരു കൂട്ടം ആരാധകര്‍ ആവശ്യപ്പെടുന്നത്. വ്യക്തമായ വിവരങ്ങളില്ലെങ്കില്‍ നേരത്തെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയണോയെന്നും ഇവര്‍ ചോദിക്കുന്നു.

ഈ കമന്റുകള്‍ക്കുള്ള മറുപടികളും ചിലര്‍ നല്‍കുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമാണ് അധികൃതരും കോച്ചുമെല്ലാം ചെയ്യുന്നത്. ഒരാളുടെ ആരോഗ്യസ്ഥിതിയെ പറ്റി കൃത്യമായ വിവരങ്ങള്‍ ലഭിച്ച ശേഷമല്ലേ തീരുമാനമെടുക്കാനും പരസ്യപ്പെടുത്താനുമാകൂവെന്നും അതുവരെ ഇങ്ങനെയൊക്കെ തന്നെയല്ലേ മറുപടി പറയാനാകൂവെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.

ദക്ഷിണാഫ്രിക്കയുമായി നടന്ന ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ പരിശീലനത്തിനിടയിലാണ് ബുംറക്ക് പരിക്കേറ്റത്. തുടര്‍ന്നുണ്ടായ പുറം വേദന മൂലമാണ് ബുംറക്ക് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്.

ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് നഷ്ടമാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

ഓപ്പണിങ് സ്പെല്ലിലും ഡെത്ത് സ്പെല്ലിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ബുംറക്ക് പകരം ആളെ കണ്ടെത്തുക എന്നുള്ളത് ഇന്ത്യന്‍ ടീമിന് ചെറിയ കാര്യമല്ല. സമ്മര്‍ദമേറിയ മത്സരങ്ങളെ ഒറ്റ ഓവറില്‍ തിരിച്ചുവിടാന്‍ സാധിക്കുന്ന താരമാണ് ബുംറ.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അദ്ദേഹത്തിന് പകരം മുഹമ്മദ് സിറാജിനെയാണ് ബി.സി.സി.ഐ ഇറക്കിയിരിക്കുന്നത്.

Content Highlight: Fans get irritated after vague updates on Bumrah’s fitness buy Ganguly and Dravid

We use cookies to give you the best possible experience. Learn more