ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായി സന്നാഹ മത്സരത്തിനിറങ്ങി ഇന്ത്യ. ലെസ്റ്റര്‍ഷെയറുമായിട്ടാണ് ഇന്ത്യയുടെ ചതുര്‍ദിന സന്നാഹ മത്സരം.
ഇന്ത്യന്‍ ടീമിലെ പലരും സന്നാഹ മത്സരത്തില്‍ ലെസ്റ്റര്‍ ഷെയറിനായി കളിക്കുന്നുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ചേതേശ്വര്‍ പൂജാര, റിഷബ് പന്ത്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യന്‍ ടീമിനെതിരെ ലെസ്റ്റര്‍ഷെയറിനായി കളിക്കുന്നത്.
എന്നാലിപ്പോള്‍ ബുംറയും രോഹിത് ശര്‍മയും തമ്മിലുള്ള ഫേസ് ഓഫാണ് സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ച. ഐ.പി.എല്ലിലടക്കം ഇരുവരും ഒരേ ടീമില്‍ തന്നെ കളിക്കുന്നതിനാല്‍ രോഹിത്തിനെതിരെ ബുംറയ്ക്ക് പന്തെറിയേണ്ടി വന്നിട്ടില്ല.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സംഭവമായിട്ടാണ് ക്രിക്കറ്റ് ആരാധകര്‍ ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യക്കെതിരെ കളിക്കുമ്പോഴും ഇന്ത്യന്‍ കിറ്റ് ധരിച്ചാണ് ബുംറയടക്കമുള്ള താരങ്ങള്‍ കളിക്കുന്നത് എന്നതാണ് മത്സരത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
എന്തുതന്നെയായാലും ബുംറ – രോഹിത് പോര് ട്വിറ്ററില്‍ ചര്‍ച്ചകള്‍ക്ക് പുതിയ മാനം തന്നെയാണ് നല്‍കിയിരിക്കുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, കെ.എസ്. ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ലെസ്റ്റര്‍ഷെയര്‍: സാം ഇവന്‍സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, സാം ബേറ്റ്സ്, നാറ്റ് ബൗളി, വില്‍ ഡേവിസ്, ജോയി എവിസണ്‍, ലൂയിസ് കിംബര്‍, അബി സകന്ദേ, റോമന്‍ വാക്കര്‍, ചേതേശ്വര്‍ പൂജാര, റിഷബ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
കൊവിഡ് മൂലം മാറ്റിവെച്ച ഒറ്റ ടെസ്റ്റാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. 2-1 ഇന്ത്യ ലീഡ് തുടരുമ്പോഴാണ് കളി മാറ്റി വെക്കേണ്ട സാഹചര്യം ഉടലെടുത്തത്.
ഒരു ടെസ്റ്റ് മത്സരത്തിന് പുറമെ മൂന്ന് ഏകദിനവും മൂന്ന് ടി-20യും ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കും.
Content Highlight: Fans get excited after seeing Jasprit Bumrah bowls against Rohit Sharma in warm up match