| Sunday, 26th February 2023, 8:11 am

'റൊണാൾഡോക്ക് 2023ലെ ബാലൻ ഡി ഓർ നൽകണം'; സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗിലെത്തിയ റൊണാൾഡോ ആദ്യ മത്സരങ്ങളിലെ പതർച്ചക്ക് ശേഷം വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ശനിയാഴ്ച ദമാക്കിനെതിരെ നടന്ന മത്സരത്തിൽ റോണോയുടെ ഹാട്രിക്കോടെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസർ വിജയിച്ചത്. ഇതോടെ ലീഗിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്താനും ക്ലബ്ബിന് സാധിച്ചു.

കളിയുടെ സമ്പൂർണ മേഖലകളിലും ആധിപത്യം പുലർത്തിയ അൽ നസറിനായി മത്സരം 18 മിനിട്ട് പിന്നിട്ടപ്പോൾ പെനാൽട്ടിയിലൂടെയാണ് റൊണാൾഡോ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. പിന്നീട് മത്സരത്തിന്റെ 23,44 മിനിട്ടുകൾ തുടർച്ചയായി പന്ത് ദമാക്കിന്റെ വലയിലെത്തിച്ച് റോണോ ഹാട്രിക്ക് പൂർത്തിയാക്കി.

ദമാക്കിനെതിരെയുള്ള ഹാട്രിക്കോടെ ആറ് മത്സരങ്ങളിൽ നിന്നും അൽ നസറിനായി എട്ട് ഗോളുകൾ സ്കോർ ചെയ്യാൻ റൊണാൾഡോക്കായി.
കൂടാതെ പി.എസ്.ജിക്കെതിരെയുള്ള സന്നാഹ മത്സരം കൂടി ഉൾപ്പെടുത്തുമ്പോൾ സൗദിയുടെ മണ്ണിൽ റൊണാൾഡോയുടെ ഗോൾ എണ്ണം പത്ത് തികഞ്ഞു.

എന്നാൽ ദമാക്കിനെതിരെയും മിന്നും പ്രകടനം കാഴ്ച വെച്ചതോടെ റൊണാൾഡോയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
റൊണാൾഡോക്ക് 2023 ലെ ബാലൻ ഡി ഓർ നൽകണമെന്നും, ഇപ്പോഴും 28 വയസുകാരനെപ്പോലെയാണ് റോണോ കളിക്കുന്നത് എന്നെല്ലാമാണ് സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന് ലഭിക്കുന്ന പ്രശംസകൾ.

ഈ സീസണിൽ രണ്ടാമത്തെ ഹാട്രിക്കാണ് റൊണാൾഡോ അൽ നസറിനായി സ്വന്തമാക്കുന്നത്.
പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉണ്ടായ പ്രശ്നങ്ങൾക്ക് ശേഷം ക്ലബ്ബ് വിടാൻ തീരുമാനിച്ച് റൊണാൾഡോ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ ചേക്കേറാൻ ശ്രമിച്ചിരുന്നെങ്കിലും താരത്തിന് അതിന് സാധിച്ചിരുന്നില്ല.

ഒടുവിൽ റെക്കോർഡ് തുകയായ പ്രതിവർഷം 225മില്യൺ ഡോളറിന് സൗദി ക്ലബ്ബായ അൽ നസർ റോണോയെ സൈൻ ചെയ്യുകയായിരുന്നു. 2025 വരെയാണ് ക്ലബ്ബിൽ റൊണാൾഡോയുടെ കരാർ.

അതേസമയം പ്രോ ലീഗിൽ 18 മത്സരങ്ങളിൽ നിന്നും 13 വിജയങ്ങളോടെ 43 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. മാർച്ച് മൂന്നിന് അൽ ബാത്തിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.

Content highlights:fans demand ronaldo should get 2023 Ballon d’Or

We use cookies to give you the best possible experience. Learn more