| Thursday, 2nd February 2023, 9:45 am

'നാണംകെട്ട വഞ്ചകന്‍'; പി.എസ്.ജിയുടെ മത്സരത്തിന് പിന്നാലെ എംബാപ്പെക്കെതിരെ രൂക്ഷവിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ മോണ്ട്‌പെല്ലിയറിനെതിരെ നടന്ന മത്സരത്തിന് പിന്നാലെ പി.എസ്.ജി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ വിമര്‍ശിച്ച് ഫുട്‌ബോള്‍ ആരാധകര്‍. മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി എംബാപ്പെ പാഴാക്കിയതിനാണ് താരത്തെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തിയത്.

പെനാല്‍ട്ടി പാഴായെങ്കിലും എതിര്‍ താരം ബോക്‌സിലേക്ക് നേരത്തെ പ്രവേശിച്ചതിനാല്‍ റഫറി വീണ്ടും പെനാല്‍ട്ടി എടുക്കാന്‍ താരത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അതും എംബാപ്പെ പാഴാക്കി. റീ ബൗണ്ട് ലഭിച്ചത് ഗോളാക്കി മാറ്റാന്‍ താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. പിന്നീട് പരിക്ക് മൂലം എംബാപ്പെ കളം വിടുകയും ചെയ്തു.

എംബാപ്പെയെ പെനാല്‍ട്ടി എടുക്കാന്‍ അനുവദിക്കരുതെന്നും മെസിയെ കൊണ്ട് ചെയ്യിക്കണമെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു. പി.എസ്.ജിയില്‍ എന്തൊക്കെയോ കരിഞ്ഞുമണക്കുന്നുണ്ടെന്ന് കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്നുമാണ് ചിലര്‍ ട്വീറ്റ് ചെയ്തത്. എംബാപ്പെയെ ‘നാണംകെട്ട ഫ്രോഡ്’ എന്നും ‘വഞ്ചകന്‍’ എന്നും ചിലര്‍ ട്വീറ്റില്‍ വിശേഷിപ്പിച്ചു.

മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. ആദ്യ പകുതിയില്‍ സ്‌കോര്‍ ചെയ്യാന്‍ പി.എസ്.ജിക്ക് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 55ാം മിനിട്ടിലാണ് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബിന്റെ ആദ്യ ഗോള്‍ പിറന്നത്. എക്കിറ്റിക്കെയുടെ അസിസ്റ്റില്‍ നിന്ന് ഫാബിയാന്‍ റൂയിസാണ് ലീഡ് ചെയ്തത്.

72ാം മിനിട്ടില്‍ റൂയിസിന്റെ അസിസ്റ്റില്‍ ലയണല്‍ മെസിയും ഗോള്‍ നേടി. 89ാം മിനിട്ടിലാണ് മോണ്ട്‌പെല്ലിയറിന്റെ ഗോള്‍ പിറന്നത്. എന്നാല്‍ 92ാം മിനിട്ടില്‍ എമരി പി.എസ്.ജിയുടെ മൂന്നാം ഗോള്‍ തൊടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ മത്സരത്തിനിറങ്ങിയിരുന്നില്ല.

പോയിന്റ് പട്ടികയില്‍ 51 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് പി.എസ്.ജി. ഫെബ്രുവരി ഒമ്പതിന്
ചിരവൈരികളായ മാഴ്സെലിയെയുമായിട്ടാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Fans crititicizes Kylian Mbappe after PSG’s match

We use cookies to give you the best possible experience. Learn more