കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. റെന്നസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജിയെ തോല്‍പിച്ചത്. മത്സരത്തില്‍ മെസിയും എംബാപ്പെയും ഉണ്ടായിരുന്നിട്ടും ഇരുവര്‍ക്കും കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഇരുവരെയും തേടിയെത്തിയത്.
കാള്‍ ടോകോ എകാമ്പിയും ബെഞ്ചമിന്‍ ബൗറിഗീഡുമാണ് റെന്നെസിനായി സ്‌കോര്‍ ചെയ്തത്. മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പി.എസ്.ജി ആരാധകര്‍ വളരെ നിരാശരാണ്. മെസിക്കും എംബാപ്പെക്കുമെതിരെ ട്വിറ്ററില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. മെസിയും എംബാപ്പെയും വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ പി.എസ്.ജി വിടുമെന്നും മെസി ബാഴ്‌സയിലേക്കും എംബാപ്പെ റയല്‍ മാഡ്രിഡിലേക്കും ചേക്കേറുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ആരാധകര്‍ക്ക് പുറമെ മുന്‍ താരങ്ങളും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. പി.എസ്.ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത് മുതല്‍ മെസിക്കെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
പി.എസ്.ജിയില്‍ ലയണല്‍ മെസി ഫിറ്റ് അല്ലെന്നാണ് മുന്‍ താരം എറിക് റബേസന്ദ്രറ്റാന പ്രസ്താവിച്ചത്. പി.എസ്.ജിക്ക് വേണ്ടി മെസി നേടിയിട്ടുള്ള ഗോള്‍ ഒക്കെ കൊള്ളാമെന്നും പക്ഷെ ക്ലബ്ബിന്റെ ഭാവി പദ്ധതികള്‍ക്ക് യോജിക്കുന്ന താരമല്ല മെസിയെന്നും അദ്ദേഹം പറഞ്ഞു.
‘ലയണല്‍ മെസിയെക്കുറിച്ച് പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കണക്കുകള്‍ നോക്കുമ്പോള്‍ 65 കളികളില്‍ നിന്ന് മെസി 29 ഗോളും 31 അസിസ്റ്റുകളും പി.എസ്.ജിക്കായി നേടിയിട്ടുണ്ട്.
പക്ഷെ ചാമ്പ്യന്‍സ് ലീഗിലെ കാര്യം നോക്കുകയാണെങ്കില്‍ നിരാശയാണ് ഫലം. ഇതുപോലെയുള്ള കളികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. അതുകൊണ്ടാണ് മെസിയുടെ കാര്യത്തില്‍ ഞങ്ങള്‍ നിരാശരായത്.
മെസിയില്‍ നിന്ന് അത്തരത്തിലുള്ള നിശ്ചയദാര്‍ഢ്യമൊന്നും കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ ലോകകപ്പിന്റെ സമയത്ത് മറ്റൊരു മെസിയെയായിരുന്നു കണ്ടിരുന്നത്. അര്‍ജന്റീനക്കായി മുഴുവന്‍ ടീമും കളിച്ചപ്പോഴും മെസിയുടെ ഡിറ്റര്‍മിനേഷന്‍ വേറിട്ട് കാണാമായിരുന്നു.
പി.എസ്.ജിയില്‍ എത്തിയ സമയം വെച്ച് നോക്കുമ്പോള്‍ മെസി ഇപ്പോള്‍ എത്രയോ ബേധമാണ്. പക്ഷെ ഇത് പോരാ. മെസിയെ പോലൊരു താരത്തില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. പി.എസ്.ജി മെസിയുടെ കരാര്‍ പുതുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ക്ലബ്ബില്‍ അദ്ദേഹം ഫിറ്റ് അല്ലെന്നാണ് ഞാന് മനസിലാക്കുന്നത്. കൂടുതല്‍ നിശ്ചയദാര്‍ഢ്യമുള്ള താരങ്ങളെയാണ് ഞങ്ങള്‍ക്കാവശ്യം,’ റബേസന്ദ്രറ്റാന പറഞ്ഞു.
Content Highlights: Fans criticizes Lionel Messi and Kylian Mbappe