| Wednesday, 22nd February 2023, 8:11 am

'ലിവര്‍പൂളിന്റെ തോല്‍വിക്ക് പിന്നില്‍ കോച്ചിന്റെ മണ്ടത്തരം'; രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ റയല്‍ മാഡ്രിഡ് കീഴ്‌പ്പെടുത്തിയിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. രണ്ട് ഗോളിന് മുന്നിലെത്തിയ മത്സരത്തിലാണ് പിന്നീട് അഞ്ച് ഗോള്‍ വഴങ്ങി ലിവര്‍പൂള്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ ആന്‍ഫീല്‍ഡില്‍ സ്വപ്‌നതുല്യമായ തുടക്കമായിരുന്നു സ്വന്തം കാണികള്‍ക്കായി ചെമ്പട കാഴ്ചവെച്ചിരുന്നത്. കളിയുടെ നാലാം മിനിട്ടില്‍ ഡാര്‍വിന്‍ നൂനസിന്റേതായിരുന്നു ആദ്യ ഗോള്‍. പത്താം മിനിട്ടില്‍ മുഹമ്മദ് സലായുടെ ഗോളിലൂടെ അവര്‍ക്ക് ലീഡുയര്‍ത്താനായി.

ആദ്യ 14 മിനിട്ടില്‍ രണ്ട് ഗോളുകള്‍ വഴങ്ങേണ്ടി വന്നത് റയലിനെ തകര്‍ക്കുമെന്ന് കരുതിയെങ്കിലും സ്പാനിഷ് വമ്പന്മാരുടെ കിടിലന്‍ തിരിച്ചുവരവാണ് കണ്ടത്.

വിനീഷ്യസ് ജൂനിയറിന്റെയും കരിം ബെന്‍സെമയുടെയും ഇരട്ട ഗോളുകളാണ് റയലിനെ വിജയക്കുതിപ്പിലേക്ക് നയിച്ചത്. എഡര്‍ മിലിറ്റാവോയാണ് റയലിനായി ഗോള്‍ നേടിയ മറ്റൊരു താരം.

മത്സരത്തിന് ശേഷം ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കളിയുടെ 64ാം മിനിട്ടില്‍ ക്ലോപ്പ് നൂനസിനെ തിരിച്ച് വിളിച്ചിരുന്നു.

അത് വലിയ മണ്ടത്തരമായെന്നും തുടര്‍ന്ന് നടത്തിയ സബ്സ്റ്റിറ്റിയൂട്‌സില്‍ വന്ന പാളിച്ചകളാണ് ലിവര്‍പൂളിന്റെ തോല്‍വിക്ക് കാരണമായതെന്നുമാണ് ആരാധകരുടെ വിമര്‍ശനം.

നൂനസിന് പിന്നാലെ ഗാക്‌പോയെയും ക്ലോപ്പ് പിന്‍വലിച്ചു. പകരക്കാരായിറങ്ങിയ ജോട്ടക്കും ഫെര്‍മിനോക്കും പ്രത്യേകിച്ചൊന്നും ചെയ്യാനായിരുന്നില്ല.

മാര്‍ച്ച് 16ന് മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് രണ്ടാം പാദ മത്സരം.

Content Highlights: Fans criticizes Jurgen Klopp after the loss against Real Madrid in Champions league

We use cookies to give you the best possible experience. Learn more