സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അല്‍ ഇത്തിഫാഖിനെതിരെ നടന്ന പോരാട്ടത്തില്‍ അല്‍ നസര്‍ 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. ഗുസ്താവോയാണ് അല്‍ ആലാമിക്കായി ഗോള്‍ നേടിയത്.
മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന് ശേഷം താരത്തെ വിമര്‍ശിച്ച് നിരവധി ആരാധകരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലീഗിനെ പതനത്തിനാണ് റൊണാള്‍ഡോയെ അറേബ്യയിലേക്കെത്തിച്ചതെന്നും അദ്ദേഹം അല്‍ നസറിനെ നശിപ്പിച്ചുവെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. റോണോ വഞ്ചകനാണെന്നും അദ്ദേഹം വരുന്നതിന് മുമ്പ് അല്‍ നസര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നെന്നും ട്വീറ്റുകളുണ്ട്.
മത്സരത്തിന്റെ 43ാം മിനിട്ടിലായിരുന്നു ഗുസ്താവോയുടെ ഗോള്‍ പിറക്കുന്നത്. എന്നാല്‍ 56ാം മിനിട്ടില്‍ യൂസുഫ് നിയാക്കട്ട് ഇത്തിഫാഖിനായി ഗോള്‍ നേടിക്കൊണ്ട് മത്സരം സമനിലയിലാക്കി. തുടര്‍ന്ന് ശ്രമങ്ങള്‍ നടത്തിയെങ്കിലും അല്‍ ആലാമിക്ക് വിജയ ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
സൗദി പ്രോ ലീഗില്‍ ഇതുവരെ നടന്ന 39 മത്സരങ്ങളില്‍ നിന്ന് 19 ജയവും 64 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 21 ജയവും 69 പോയിന്റുമായി അല്‍ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത്.
മെയ് 31ന് അല്‍ ഫത്തഹിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlights: Fans criticizes Cristiano Ronaldo after the match against Al Ettifaq in Saudi Pro League