| Monday, 26th June 2023, 3:02 pm

'ബി.സി.സി.ഐ ഫിറ്റ്‌നെസ്സിനെ കുറിച്ചെല്ലാം സംസാരിക്കുന്നു? ആദ്യം രോഹിത്തിനെ ടീമില്‍ നിന്ന് പുറത്താക്കി ജിമ്മില്‍ കൊണ്ടിടണം'

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ സര്‍ഫറാസ് ഖാനെ വീണ്ടും തഴഞ്ഞുകൊണ്ടായിരുന്നു ബി.സി.സി.ഐ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ആഭ്യന്തര തലത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴും ഇന്ത്യന്‍ ടീമിലേക്ക് താരത്തിന് വിളിയെത്തിയിരുന്നില്ല.

എന്നാല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സര്‍ഫറാസിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിറ്റ്‌നെസ് ഇല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘കളിക്കളത്തിലെ അവന്‍റെ അഗ്രസ്സീവായ, ദേഷ്യത്തോടെയുള്ള പെരുമാറ്റങ്ങളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ സര്‍ഫറാസ് കൂടെക്കൂടെ അവഗണിക്കപ്പെടുന്നതിനുള്ള കാരണം ക്രിക്കറ്റല്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും, അദ്ദേഹത്തെ പരിഗണിക്കാതിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.

തുടര്‍ച്ചയായ സീസണുകളില്‍ 900ലധികം റണ്‍സ് നേടിയ ഒരു താരത്തെ വെറുതെയങ്ങ് പുറത്താക്കാന്‍ സെലക്ടര്‍മാര്‍ വെറും മണ്ടന്‍മാരാണോ? അദ്ദേഹത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിറ്റ്നെസ് ഇല്ല എന്നത് തന്നെയാണ് പ്രധാന കാരണം. അവന്‍ ഏറെ കഠിനാധ്വാനം ചെയ്യണം. ഭാരം കുറച്ച് മെലിഞ്ഞ് ഫിറ്റായി മടങ്ങി വരണം. കാരണം ബാറ്റിങ് ഫിറ്റ്‌നെസ് മാത്രമല്ല തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡം.

ക്രിക്കറ്റ് ഗ്രൗണ്ടിനകത്തും പുറത്തും അദ്ദേഹത്തിന് മികച്ച രീതിയിലുള്ള അച്ചടക്കമില്ല. ചിലത് പറഞ്ഞതും ചില ആംഗ്യങ്ങള്‍ കാണിച്ചതുമെല്ലാം നോട്ട് ചെയ്യപ്പെടുന്നുണ്ടായിരുന്നു. കുറച്ചുകൂടി അച്ചടക്കം നിറഞ്ഞ പെരുമാറ്റം അവനെ തുണച്ചേക്കും. സര്‍ഫറാസും അവന്റെ അച്ഛനും കോച്ചുമായ നൗഷാദ് ഖാനും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ ആരാധകര്‍ വിമര്‍ശനമുന്നയിക്കുകയാണ്. സര്‍ഫറാസിനെ പുറത്താക്കാന്‍ വേണ്ടി മാത്രം കണ്ടുപിടിച്ച കാരണമാണ് ഇതെന്നാണ് പലരും പറഞ്ഞത്.

ബി.സി.സി.ഐ ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ ഇത്രത്തോളം ശ്രദ്ധ പുലര്‍ത്തുന്നുണ്ടെങ്കില്‍ രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഇതേ നിലപാട് തന്നെ സ്വീകരിക്കുമോ എന്നും രോഹിത് എപ്പോഴെങ്കിലും യോ യോ ടെസ്റ്റ് വിജയിച്ചിട്ടുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും സര്‍ഫറാസ് പ്രാക്ടീസ് തുടരുകയാണ്. വരാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിന്റെ ട്രംപ് കാര്‍ഡാണ് സര്‍ഫറാസ്. സര്‍ഫറാസിന്റെ കരുത്തില്‍ വെസ്റ്റ് സോണ്‍ ട്രോഫിയുയര്‍ത്തുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.

Content Highlight:  Fans criticized Sarfaraz’s omission on the grounds of fitness

We use cookies to give you the best possible experience. Learn more