ട്രോഫി ഉയര്‍ത്താന്‍ നിങ്ങള്‍ അവനെ തന്നെ തെരഞ്ഞെടുത്തു! രോഹിത് നിങ്ങള്‍ ഹീറോയോ അതോ വില്ലനോ? വീഡിയോ
Sports News
ട്രോഫി ഉയര്‍ത്താന്‍ നിങ്ങള്‍ അവനെ തന്നെ തെരഞ്ഞെടുത്തു! രോഹിത് നിങ്ങള്‍ ഹീറോയോ അതോ വില്ലനോ? വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th January 2023, 8:03 am

ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യ സന്ദര്‍ശകരെ വൈറ്റ്‌വാഷ് ചെയ്ത് വിജയം സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരവും ആധികാരികമായി തന്നെ ജയിച്ചാണ് ഇന്ത്യ സീരീസ് സ്വന്തമാക്കിയത്.

ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന കഴിഞ്ഞ ദിവസത്തെ മത്സരത്തിന് പിന്നാലെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഇന്ത്യക്ക് സാധിച്ചു.

ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോഴേക്കും പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തന്നെയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഓടിയടുക്കുമ്പോള്‍ നാളുകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ സെഞ്ച്വറിയടിച്ചതും ആരാധകരെ സന്തോഷത്തിലാക്കി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ 385 റണ്‍സിന്റെ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പരമ്പരിലെ ഇന്ത്യയുടെ രണ്ടാം 350+ സ്‌കോര്‍ ആണിത്.

ശുഭ്മന്‍ ഗില്‍ 78 പന്തില്‍ നിന്നും 112 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 85 പന്തില്‍ നിന്നും 101 റണ്‍സും നേടി. അര്‍ധ സെഞ്ച്വറി തികച്ച ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സും ഇന്ത്യക്ക് കരുത്തായി.

386 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ കിവികള്‍ക്ക് 41.2 ഓവറില്‍ 295 റണ്‍സ് മാത്രമേ സ്വന്തമാക്കാന്‍ സാധിച്ചുള്ളൂ. കിവീസ് നിരയില്‍ സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വേയാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയത്. 100 പന്തില്‍ നിന്നും 138 റണ്‍സാണ് കോണ്‍വേ സ്വന്തമാക്കിയത്.

മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ ട്രോഫി പ്രെസന്റേഷനിടയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ കയ്യടി നേടിയിരുന്നു. ട്രോഫി ഉയര്‍ത്താനായി യുവതാരം കെ.എസ്. ഭരത്തിന്റെ കൈകളിലേല്‍പിച്ചാണ് രോഹിത് ആരാധകരുടെ മനം കവര്‍ന്നത്.

പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും ഭരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. അവനെ തന്നെയായിരുന്നു ട്രോഫി ഉയര്‍ത്താന്‍ രോഹിത് തെരഞ്ഞെടുത്തതും.

ഭരത്തിനെ ലൈംലൈറ്റിലേക്ക് കൊണ്ടുവന്നതില്‍ രോഹിത്തിനെ പ്രശംസിക്കുന്നുണ്ടെങ്കിലും ഡെഡ് റബ്ബര്‍ മാച്ചിലെങ്കിലും അവനെ കളിപ്പിക്കാതിരുന്ന രോഹിത്തിനെ വിമര്‍ശിച്ചുകൊണ്ടും ആരാധകര്‍ രംഗത്തെത്തിയിരുന്നു.

പരമ്പരയിലെ മൂന്ന് മത്സരത്തിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷനെ ആയിരുന്നു ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ മൂന്ന് മത്സരത്തിലും വേണ്ടപോലെ മികച്ച പ്രകടനം കാഴ്ചവെക്കാനും ഇഷാന് സാധിച്ചിട്ടില്ലായിരുന്നു.

ആദ്യ മത്സരത്തില്‍ 14 പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടി പുറത്തായ കിഷന്‍ രണ്ടാം മത്സരത്തില്‍ ഒമ്പത് പന്തില്‍ നിന്നും പുറത്താവാതെ എട്ട് റണ്‍സ് നേടി.

അവസാന മത്സരത്തില്‍ 24 പന്തില്‍ നിന്നും 17 റണ്‍സാണ് കിഷന്‍ സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ കിഷന് പകരം ഭരത്തിനെ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആരാധകര്‍ ആവശ്യപ്പെട്ടിരുന്നത്.

ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജനുവരി 27ന് റാഞ്ചിയില്‍ വെച്ച് നടക്കും.

 

 

Content Highlight:  Fans criticized Rohit for not playing K.S Bharat