ചാമ്പ്യന്‍സ് ട്രോഫിയ്ക്കായുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കാനിരിക്കെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് കരുക്ക് മുറുകുന്നു. താരം എന്തുകൊണ്ട് വിജയ് ഹസാരെ ട്രോഫി കളിച്ചില്ല എന്നതില്‍ ബി.സി.സി.ഐ താരത്തോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ആഭ്യന്തര ക്രിക്കറ്റിന് നിലവില്‍ ഇന്ത്യ ഏറെ പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ സഞ്ജുവിന്റെ പ്രവൃത്തി സെലക്ടര്‍മാരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കാത്തതിനാലാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കുന്ന വിശദീകരണം. സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ മറ്റൊരു താരത്തിന് അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്ന നിലപാടാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നാണ് കെ.സി.എ സെക്രട്ടറി വിനോദ് കുമാര്‍ പറഞ്ഞത്.
എന്നാല്‍ വിജയ് ഹസാരെ ട്രോഫിയിലെ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പങ്കെടുക്കാന്‍ സഞ്ജു സാംസണ്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തില്ല എന്ന കാരണത്താല്‍ താരത്തിന് അവസരം നിഷേധിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ടൂര്‍ണമെന്റിനിടെ, കേരളത്തിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പും സഞ്ജു കളിക്കാന്‍ താതപര്യം പ്രകടിപ്പിച്ചെങ്കിലും കെ.സി.എ പ്രതികൂല നിലപാടാണ് സ്വീകരിച്ചത്.
SANJU SAMSON WANTED TO PLAY VIJAY HAZARE BUT KCA TURNED IT DOWN..!!! 📢
Sanju was ready to play Vijay Hazare, he sent an email confirming his availability before the first match, strangely KCA ignored saying he wasn’t part of the camp. When it has come to light that camp was not… pic.twitter.com/otFt3HEJcH
— Johns. (@CricCrazyJohns) January 14, 2025
വിജയ് ഹസാരെ ട്രോഫി കളിക്കാത്തതിനാല്‍ തന്നെ സഞ്ജുവിന്റെ ഏകദിന ഭാവി തുലാസിലായിരിക്കുകയാണ്.
‘ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റിയും ക്രിക്കറ്റ് ബോര്‍ഡും ഇതിനോടകം തന്നെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ വര്‍ഷം ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും അനുവാദമില്ലാതെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും പിന്‍മാറിയതിനാല്‍ സെന്‍ട്രല്‍ കോണ്‍ട്രാക്ട് തന്നെ നഷ്ടപ്പെട്ടിരുന്നു.
സഞ്ജുവിന്റെ കാര്യത്തില്‍, എന്തുകൊണ്ട് ആഭ്യന്തര മത്സരങ്ങള്‍ നഷ്ടപ്പെടുത്തി എന്നതില്‍ ഒരു വിശദീകരണവും താരം നല്‍കിയിട്ടില്ല. അദ്ദേഹം ദുബായില്‍ ചെലവഴിക്കുകയാണെന്ന് മാത്രമാണ് ഇതുവരെ അറിയാന്‍ സാധിച്ചിട്ടുള്ളത്,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
‘എന്തുകൊണ്ട് ആഭ്യന്തര മത്സരങ്ങള്‍ കളിച്ചില്ല എന്നതിന് സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ വ്യക്തമായ ഒരു കാരണം നല്‍കേണ്ടി വരും. അല്ലാത്തപക്ഷം അവനെ വരാനിരിക്കുന്ന ഏകദിന ക്യാമ്പെയ്നുകളുടെ ഭാഗമാക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും.
കെ.സി.എയുമായി സഞ്ജുവിന് അത്ര മികച്ച ബന്ധമല്ല ഉള്ളത്. എന്നാല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നതിനായി ഇതെല്ലാം പരിഹരിക്കേണ്ടതുണ്ട്. സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും സഞ്ജുവും തമ്മില്‍ പ്രശ്ങ്ങളുണ്ട് എന്നതിനാല്‍ സഞ്ജുവിനെ കളിപ്പിച്ചില്ല എന്ന് കരുതാന്‍ സാധിക്കില്ല, കാരണം വിജയ് ഹസാരെ ട്രോഫിക്ക് മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു ടീമിനൊപ്പമുണ്ടായിരുന്നു,’ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ടീമില്‍ കളിക്കുന്ന ഏക മലയാളി താരമായിട്ടുകൂടിയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിന് പ്രതികൂലമായാണ് നിലപാടെടുക്കുന്നതെന്നും കെ.സി.എ അനാവശ്യ കടുംപിടുത്തം ഒഴിവാക്കിയിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നും ഇനി സഞ്ജുവിനെതിരെ ബി.സി.സി.ഐ നടപടിയെടുക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ കെ.സി.എ മാത്രമാണെന്നും ആരാധകര്‍ പറയുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററാകാന്‍ കെ.എല്‍. രാഹുല്‍, സഞ്ജു സാംസണ്‍, റിഷബ് പന്ത് എന്നീ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതപോലെ കാര്യങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടാകില്ല.
Content Highlight: Fans criticized KCA for taking a stand against Sanju Samson