| Thursday, 6th April 2023, 5:08 pm

ധോണിയെ പട്ടിയെന്ന് വിളിച്ചതല്ല, അതിന്റെ അര്‍ത്ഥം വേറെയാണ്; കാര്യം മനസിലാകാതെ സ്‌റ്റൈറസിനോട് കലിപ്പായി തല ഫാന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണിയെ അഭിനന്ദിച്ച് പോസ്റ്റിട്ടതിന് പിന്നാലെ മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസ താരം സ്‌കോട് സ്‌റൈറിസിന് ആരാധകരുടെ വക പൊങ്കാല. താരം പറഞ്ഞ വാക്കുകളുടെ കൃത്യമായ അര്‍ത്ഥം മനസിലാക്കാതെയാണ് ധോണി ആരാധകര്‍ സ്റ്റൈറിസിനെതിരെ വിമര്‍ശനവുമായെത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ‘സ്റ്റില്‍ ദി ബിഗ് ഡോഗ് എറൗണ്ട് ടൗണ്‍’ എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ആരാധകര്‍ രംഗത്തെത്തിയത്.

സ്റ്റൈറസിന്റെ ട്വീറ്റിലെ ബിഗ് ഡോഗ് എന്ന പ്രയോഗമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തി, ശക്തനായ വ്യക്തി എന്നൊക്കെ അര്‍ത്ഥം വരുന്ന ശൈലിയെ ചില ആരാധകര്‍ വായിച്ചത് മറ്റൊരു തരത്തിലാണ്.

സ്റ്റൈറിസ് ധോണിയെ നായയെന്ന് വിളിച്ചെന്നാണ് ഇവര്‍ കരുതിയത്. ഇതിന് പിന്നാലെയായിരുന്നു ആരാധകര്‍ കലിപ്പായത്.

ധോണി യഥാര്‍ത്ഥത്തില്‍ സിംഹമാണെന്നും നിങ്ങളാണ് നായ എന്നുമായിരുന്നു പലരും പറഞ്ഞത്. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നും ചിലര്‍ സ്‌റ്റൈറിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ചില ആരാധകരാകട്ടെ ആ വാക്കിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കാനും ശ്രമിക്കുന്നുണ്ട്.

മാര്‍ച്ച് 27ന് പങ്കുവെച്ച ട്വീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രധാന ചര്‍ച്ചയാണ്.

അതേസമയം, ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഒരു ജയവും ഒരു തോല്‍വിയുമാണ് മുന്‍ ചാമ്പ്യന്‍മാരുടെ അക്കൗണ്ടിലുള്ളത്.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ച് തിരിച്ചുവരാനും ചെന്നൈക്കായി.

ഏപ്രില്‍ എട്ടിനാണ് ചെന്നൈയുടെ അടുത്ത മത്സരം. വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സിനെയാണ് ചെന്നൈക്ക് നേരിടാനുള്ളത്.

Content Highlight: Fans criticize Scott Styris

We use cookies to give you the best possible experience. Learn more