ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. 255 റണ്‍സാണ് ഇന്ത്യ ഓള്‍ ഔട്ട് ആയത്. ഇതോടെ 399 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുമ്പില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്. വണ്‍ ഡൗണ്‍ ബാറ്ററായ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 147 പന്തില്‍ രണ്ട് സിക്‌സറുകളും 11 ബൗണ്ടറികളും അടക്കം 104 റണ്‍സ് ആണ് ഗില്‍ നേടിയത്. 70.75 എന്ന് തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.
രണ്ടാം ഇന്നിങ്സില്‍ ഓപ്പണ്‍ ഇറങ്ങിയ യശ്വസി ജയ്‌സ്വാള്‍ 27 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്തു പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 13 റണ്‍സ് ആണ് 23 പന്തില്‍ നിന്നും താരം നേടിയത്. ആന്‍ഡേവ്‌സന്‍ എറിഞ്ഞ പന്തില്‍ രോഹിത്തിന്റെ ഓഫ് സ്റ്റംപ് പറക്കുകയായിരുന്നു. ജയ്‌സ്വാളിന്റെ വിക്കറ്റും ആന്‍ഡേഴ്സണ്‍ ആണ് എടുത്തത്.
കഴിഞ്ഞ എട്ട് ഇന്നിങ്‌സുകളിലായി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. അവസാന എട്ട് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ 5, 0, 39, 16*, 24, 39, 14, 13 എന്നിങ്ങനെയാണ് ഇന്ത്യന്‍ നായകന്റെ സ്‌കോറുകള്‍. താരത്തിന്റെ ഇത്തരത്തിലുള്ള പ്രകടനത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുകയാണ് ആരാധകര്‍. ’37 വയസായ മുത്തച്ഛന്‍ വിരമിക്കാനുള്ള സമയമായി’ എന്നാണ് ആരാധകര്‍ എക്‌സില്‍ പോസ്റ്റിട്ടത്.
ശ്രേയസ് അയ്യര്‍ 29 റണ്‍സിന് പുറത്തായപ്പോള്‍ വിരാടിന് പകരം വന്ന രജത് പാടിദര്‍ ഒമ്പത് റണ്‍സിനും പുറത്തായി. ഭേദപ്പെട്ട പ്രകടനം നടത്തിയ അക്സര്‍ പട്ടേല്‍ 84 പന്തില്‍ നിന്ന് ആറ് ബൗണ്ടറികള്‍ അടക്കം 45 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. എസ് ഭരത് ആറ് റണ്‍സിനും കുല്‍ദീപ് യാദവ് പൂജ്യം റണ്‍സിനും പുറത്തായപ്പോള്‍ രവിചന്ദ്ര അശ്വിന്‍ 61 പന്തില്‍ 29 റണ്‍സെടുത്താണ് പുറത്തായത്. ജസ്പ്രീത് ബുംറ 26 പന്ത് നേരിട്ട് പൂജ്യം റണ്‍സിന് കൂടാരം കയറിയതോടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ എവര്‍ ഗ്രീന്‍ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ യുവ സ്പിന്‍ ബൗളര്‍ രെഹാന്‍ അഹമ്മദ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.